unnavo

ന്യൂഡൽഹി:ഉന്നാവോ പീഡനക്കേസിൽ മുഖ്യപ്രതിയായി ജയിലിൽ കഴിയുന്ന ബി. ജെ. പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് ഇരയായ പെൺകുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിക്ക് സുരക്ഷ നൽകാനുള്ള ഉത്തരവ് ഇന്ന് ഉണ്ടായേക്കും.

അതേസമയം, കാറിൽ ട്രക്ക് ഇടിച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കുൽദീപ് സിംഗ് സെൻഗാറിനും മുപ്പത് കൂട്ടാളികൾക്കും എതിരെ സി. ബി. ഐ വധഗൂഢാലോചനയ്‌ക്കും വധശ്രമത്തിനും കേസെടുത്തു. ഉത്തർപ്രദേശ് കൃഷിമന്ത്രി രൺവേന്ദ്ര സിംഗിന്റെ മരുമകനും ഉന്നാവോയിലെ ബി. ജെ. പി ബ്ലോക്ക് പ്രസിഡന്റുമായ അരുൺ സിംഗിനെ സി.ബി.ഐ ഏഴാം പ്രതിയാക്കിയിട്ടുണ്ട്. അപകടത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്‌ത്രീകൾ കൊല്ലപ്പെടുകയും പെൺകുട്ടിയും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കത്ത് സുപ്രീംകോടതി ഇന്ന് അടിയന്തരമായി പരിഗണിക്കുന്നത്.

കത്ത് തന്റെ ശ്രദ്ധയിൽപ്പെടുത്താൻ വൈകിയതിൽ സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിശദീകരണം തേടി.

എന്തുകൊണ്ടാണ് ചൊവ്വാഴ്ച നാലു മണിവരെ കത്ത് ചീഫ് ജസ്റ്റിസിനെയോ ബെഞ്ചിനെയോ അറിയിക്കാതിരുന്നതെന്ന് വിശദീകരിക്കണം. ജൂലായ് 30നാണ് കത്തിനെക്കുറിച്ച് അറിഞ്ഞത്. ഇതുവരെ കത്ത് കണ്ടിട്ടില്ല. കത്ത് കിട്ടിയിട്ടും താൻ നടപടിയെടുത്തില്ലെന്ന് പത്രങ്ങളെഴുതിയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

കുൽദീപ് സിംഗിന്റെ കൂട്ടാളികൾ ജൂലായ് ഏഴിനും എട്ടിനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് കത്തിൽ പറയുന്നത്. ഹിന്ദിയിലുള്ള കത്തിൽ പെൺകുട്ടിയും അമ്മയും അമ്മായിയുമാണ് ഒപ്പിട്ടിരിക്കുന്നത്. ജൂലായ് 12ന് അയച്ച കത്ത് 17ന് സുപ്രീംകോടതിക്ക് ലഭിച്ചെന്നാണ് റിപ്പോർട്ട്.

പോക്സോ കേസുകൾക്ക് കോടതി നിയമിച്ച അമിക്കസ് ക്യൂറി വി. ഗിരി ഉന്നാവോ കേസ് ഇന്നലെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് കത്തിൽ സുപ്രീംകോടതി സ്വമേധയാ നടപടികൾ തുടങ്ങിയത്. കത്ത് ശ്രദ്ധയിൽപ്പെടുത്തുന്നതിൽ വീഴ്ചയില്ലെന്നും ചീഫ് ജസ്റ്റിസിനും ജഡ്‌ജിമാർക്കും ദിവസേന നൂറുകണക്കിന് കത്തുകളാണ് ലഭിക്കുന്നതെന്നുമാണ് രജിസ്ട്രി ഉദ്യോഗസ്ഥരുടെ വിശദീകരണം. കത്തിന്റെ പകർപ്പ് യു.പി അധികൃതർക്കും അലഹബാദ് ഹൈക്കോടതിക്കും നൽകിയിരുന്നു.
കേസ് പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും ബന്ധുക്കളെ കള്ളക്കേസിൽ കുടുക്കുമെന്നും കുൽദീപ് സിംഗിന്റെ സഹോദരന്മാരായ മനോജ് സിംഗ്, ശശി സിംഗ്, കേസിലെ മറ്റൊരു പ്രതിയുടെ മകൻ നവീൻ സിംഗ് തുടങ്ങിയവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. എം.എൽ.എയുടെ അനുയായികൾ നിരന്തരം ഭീഷണിപ്പെടുത്തുന്നു. സുരക്ഷ നൽകണമെന്നും കത്തിൽ പറഞ്ഞിരുന്നു.

അതേസമയം,​ കേസ് ഉന്നാവോയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 16ന് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലും സുപ്രീംകോടതിയിൽ നടപടികൾ വൈകുകയാണ്. ഈ ഹർജിയിൽ ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ ബെഞ്ച് സി.ബി.ഐക്കും പ്രതിയായ കുൽദീപ് സിംഗ് ഉൾപ്പെടെ 14 പേർക്കും നോട്ടീസയച്ചിരുന്നു. സി.ബി.ഐ മറുപടി പോലും ഫയൽ ചെയ്തിട്ടില്ല. കേസ് പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്ന് അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.