ന്യൂഡൽഹി: ഉത്തർ പ്രദേശിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എം.ബി.ബി. എസ് പ്രവേശ തീയതി ക്രമവിരുദ്ധമായി നീട്ടി നൽകിയ കേ സിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ. ശുക്ലയ്ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാൻ സി.ബി.ഐക്ക് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അനുമതി നൽകി.
സിറ്റിംഗ് ജഡ്ജിക്കെതിരെ കേസെടുക്കാൻ അനുമതി നൽകുന്നത് ആദ്യമായാണ്. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും സിറ്റിംഗ് ജഡ്ജിമാർക്കെതിരെ കേസെടുക്കണമെങ്കിൽ ആദ്യം പ്രാഥമിക തെളിവ് സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ കാണിച്ച് അനുമതി വാങ്ങണം. ഇതനുസരിച്ച് സി.ബി.ഐ നൽകിയ അപേക്ഷയിലാണ് അസാധാരണ നടപടി.
അഴിമതി സ്വകാര്യ മെഡി.കോളേജുകൾക്ക്
പ്രവേശന തിയതി നീട്ടിനൽകിയതിൽ
സുപ്രീംകോടതി ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമായി ,ജസ്റ്റിസ് ശുക്ല അദ്ധ്യക്ഷനായ അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2017 - 18ൽ യു.പിയിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എം.ബി.ബി.എസ് പ്രവേശന തീയതി നീട്ടിനൽകിയതിലാണ് ക്രമക്കേട് ആരോപണം.
യു.പി അഡ്വക്കറ്റ് ജനറലിന്റെ പരാതി പ്രകാരം അന്നത്തെ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര ശുക്ലയ്ക്കെതിരെ
പ്രാഥമികാന്വേഷണത്തിന് മൂന്നംഗ ജഡ്ജിമാരുടെ സമിതിയെ നിയോഗിച്ചു.
ആരോപണത്തിൽ കഴമ്പുണ്ടെന്ന് 2018 ജനുവരിയിൽ അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഇന്ദിരാ ബാനർജി, സിക്കിം ഹൈക്കോടതി ചീഫ്ജസ്റ്റിസ് എസ്.കെ അഗ്നിഹോത്രി, മദ്ധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് പി.കെ ജയ്‌സ്വാൾ എന്നിവരടങ്ങിയ സമിതി കണ്ടെത്തി.
ശുക്ലയോട് രാജി വയ്ക്കാനോ, സ്വയം വിരമിക്കാനോ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചു. ജഡ്ജി എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഉടൻ മാറ്റിനിറുത്താൻ ദീപക് മിശ്ര അലഹബാദ് ഹൈക്കോടതി ചീഫ്ജസ്റ്റിസിന് നിർദ്ദേശം നൽകി.
അഴിമതിക്കും ക്രമക്കേടിനും ശുക്ലയെ ഇംപീച്ച് ചെയ്യുന്നതിന് പാർലമെൻറിൽ പ്രമേയം കൊണ്ടുവരാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണിൽ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. ഇതിന്റെ തുടർച്ചയായാണ് കേസെടുക്കാൻ സി.ബി.ഐയ്ക്ക് അനുമതി.