കോലഞ്ചേരി: കുന്നത്തുനാട് , പിറവം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കറുകപ്പിള്ളി കോരൻകടവ് പാലം പണി തുടങ്ങിയിട്ട് പതിറ്റാണ്ട് പിന്നിടുന്നു. പാലം പണിത് പണിത് അഞ്ച് തൂണുകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ 7 ന് പാലത്തിന് റീ ടെൻഡർ അനുവദിച്ച് ഉത്തരവായതോടെ ഇതിന്റെ പിതൃത്വത്തെക്കുറിച്ചുള്ള വിവാദങ്ങളും മുറുകി.
സ്വന്തം നാട്ടിൽ കോടികൾ മുടക്കി തുടങ്ങിയ പാലം പണി നിലച്ചതോടെ നിർമ്മാണം പുനരാരംഭിക്കാൻ സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.സി.എൻ. മോഹനൻ ഇടപെട്ടാണ് 14.3 കോടി രൂപയുടെ റീ ടെൻഡർ നേടിയെടുത്തെതെന്ന് എൽ.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നു. നിയമസഭയിൽ പാലത്തിനു വേണ്ടി അനൂപ് ജേക്കബ് എം.എൽ.എയും താനും നടത്തിയ കഠിനശ്രമത്തിന്റെ ഫലമായാണ് പാലത്തിന് റീ ടെൻഡറായതെന്ന് വി.പി സജീന്ദ്രൻ എം.എൽ.എയും അവകാശപ്പെടുന്നു.
# ഭരണാനുമതി ലഭിക്കുന്നത് 2009ൽ
നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന പാലത്തിന് ഭരണാനുമതി ലഭിക്കുന്നത് 2009 ജൂലായ് 14 നാണ്. അന്നത്തെ കുന്നത്തുനാട് എം.എൽ.എ ആയിരുന്ന എം.എം മോനായിയുടെ പരിശ്രമഫലമായാണ് 9 കോടി രൂപ അനുവദിച്ചത്. ഒച്ചിഴയും വേഗത്തിൽ നീങ്ങിയ പണി 2012 ഏപ്രിലിൽ നിർത്തിവച്ചു. പാലത്തിന്റെ തുടക്കത്തിലും അവസാനത്തിലും വേണ്ട രണ്ട് തൂണുകളുടെ നിർമ്മാണം അവശേഷിക്കുന്നു.
# യു.ഡി.എഫ് ശ്രമം അപഹാസ്യം
വി.പി സജീന്ദ്രൻ എം.എൽ എ ആയി 11 മാസം പിന്നിടുമ്പോഴാണ് പാലം പണി നിർത്തുന്നത്. പിന്നീട് ഇതിന് വേണ്ടി ചെറുവിരൽ അനക്കിയിട്ടില്ല. പാലം പണി ഉപേക്ഷിച്ച് കരാറുകാരൻ പോകുമ്പോൾ യു.ഡി.എഫാണ് ഭരണത്തിൽ. അനൂപ് ജേക്കബ് മന്ത്രി സഭാംഗവും. അന്ന് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാമായിരുന്ന വിഷയത്തിൽ എം.എൽ.എ ഇടപെട്ടില്ല. ഇപ്പോൾ പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിൽ റീ ടെൻഡറായപ്പോൾ പിതൃത്വമേറ്റെടുക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.
സി.എൻ. മോഹനൻ,
സി.പി.എം ജില്ലാ സെക്രട്ടറി
# നിരന്തര ഇടപെടലിന്റെ ഫലം
നിയമസഭയിൽ പാലം വിഷയത്തിൽ നടത്തിയ ക്രമപ്രശ്നത്തിന് മറുപടിയായാണ് പാലത്തിന് തുക അനുവദിച്ച കാര്യം മന്ത്രി അറിയിച്ചത്. തന്റെ ക്രമപ്രശ്നത്തിന് അനൂപ് ജേക്കബിന്റെ പിന്തുണയുമുണ്ടായിരുന്നു. കഴിഞ്ഞ യു.ഡി. എഫ് ഗവൺമെന്റിന്റെ കാലത്ത് സ്ഥലമേറ്റെടുപ്പിനായി പണം അനുവദിക്കുകയും ചെയ്തിരുന്നു. സ്ഥലമേറ്റെടുക്കലിൽ ഉണ്ടായ കാലതാമസം മൂലം പാലം നിർമ്മാണ പ്രവർത്തനം നിലച്ചു. താനും അനൂപ് ജേക്കബ് എം.എൽ.എയും നടത്തിയ നിരന്തരമായ ഇടപെടലാണ് ഇപ്പോൾ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചത്.
വി.പി. സജീന്ദ്രൻ എം.എൽ.എ