abhimanyu-murder

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് നാളെ ഒരു വർഷം തികയുമ്പോൾ,​ മുഖ്യപ്രതിയടക്കം രണ്ടുപേരെ ഇതുവരെ കണ്ടെത്താനാവാതെ പൊലീസ് വട്ടംകറങ്ങുന്നു. അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പനങ്ങാട് സ്വദേശി സഹൽ,​ അക്രമി സംഘത്തിലുണ്ടായിരുന്ന ഷഹീം എന്നിവരെയാണ് ഇനിയും പിടികിട്ടാനുള്ളത്. ഇവരുൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘം ഇവരിൽ നാലുപേരെ പിടികൂടുകയും ഒരാൾ കീഴടങ്ങുകയും ചെയ്തു. എന്നാൽ, ദക്ഷിണേന്ത്യ മുഴുവൻ അരിച്ച് പെറുക്കിയിട്ടും​ സഹലിനെയും ഷഹീമിനെയും പിടികൂടാൻ പൊലീസിന് സാധിച്ചില്ല. കേസിലെ പത്തും പന്ത്രണ്ടും പ്രതികളായ ഇവർക്കായി അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, കേസിൽ നാളെ വിചാരണ ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സെപ്തംബർ 25നാണ് അഭിമന്യു വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 16 പ്രതികളെ ഉൾപ്പെടുത്തിയ ആദ്യഘട്ട കുറ്റപത്രമാണ് നൽകിയത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇതിലെ പ്രതികൾ. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം പിന്നീട് സമർപ്പിക്കാനാണ് അന്വേഷണ സംഘം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, വിചാരണയ്ക്ക് മുമ്പ് ഭൂരിഭാഗം പ്രതികളെയും പിടികൂടിയതിനാൽ അനുബന്ധ കുറ്റപത്രത്തിന്റെ ആവശ്യമില്ലെന്നും ആദ്യ കുറ്റപത്രംതന്നെ മതിയെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. പിടിക്കപ്പെട്ട പ്രതികളുടെയെല്ലാം വിവരങ്ങൾ ആദ്യഘട്ട കുറ്റപത്രത്തിലുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

2018 ജൂലായ് 2ന് രാത്രിയാണ് മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. എസ്.എഫ്.ഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവർക്കും കുത്തേറ്റിരുന്നു. കോളേജിലെ ചുവരെഴുത്തിനെച്ചൊല്ലി എസ്.എഫ്.ഐ - ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിലെ പ്രതികളെല്ലാം പോപ്പുലർഫ്രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരാണ്. മഹാരാജാസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി അരൂക്കുറ്റി വടുതല നദ്‌വത്ത് നഗർ ജാവേദ് മൻസിലിൽ ജെ.ഐ മുഹമ്മദാണ് (20) കേസിലെ ഒന്നാം പ്രതി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റായ എരുമത്തല ചാമക്കാലായിൽ ആരിഫ് ബിൻ സലീം (25), ആരിഫിന്റെ സഹോദരൻ ആദിൽ ബിൻ സലീം (23), പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18), മഹാരാജാസിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി.എം റജീബ് (25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൽ നാസർ (നാച്ചു 24), പുളിക്കനാട്ട് പി.എച്ച് സനീഷ് (32), ഷിഫാസ് (ചിപ്പു), ജിസാൽ റസാഖ്, ഫായിസ് ഫയാസ്, തൻസീൽ എന്നിവരാണ് പിടിയിലായത്. അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയും ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.