അങ്കമാലി:അങ്കമാലി സർവീസ് സഹകരണ ബാങ്ക് നായത്തോട് സ്‌കൂൾ ജംഗ്ഷനോട് ചേർന്നുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നിന് നൽകിയ പെർമിറ്റ് നഗരസഭ റദ്ദ് ചെയ്തു. 2010 ലാണ് സൊസൈറ്റി ബ്രാഞ്ച് തുടങ്ങുന്നതിന് നായത്തോട് ഭാഗത്ത് 2.85 ആണ് സ്ഥലം വാങ്ങിയത്. സ്ഥലത്തിന്റെ പടിഞ്ഞാറ് എലുക റവന്യൂ പുറമ്പോക്ക് ഭൂമിയാണെങ്കിലും ഇത് റോഡാണെന്നാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നത്. അതിനാൽ ആധാരം വ്യാജമാണന്ന പരാതി ഉയർന്നിരുന്നു. സൊസൈറ്റിയുടെ വസ്തുവിലേക്ക് സർക്കാർ റവന്യൂ രേഖകൾ പ്രകാരം വഴിയില്ല എന്നിരിക്കെ പടിഞ്ഞാറുവശത്തുള്ള പുറമ്പോക്ക് ഭൂമിയുള്ള വിവരം മറച്ച് വച്ച് ഇത് റോഡ് ആണ് എന്ന് വ്യാജരേഖയുണ്ടാക്കി. വ്യാജ പ്ലാൻ ഹാജരാക്കിയാണ് നഗരസഭയിൽ കെട്ടിട പെർമിറ്റിന് അപേക്ഷ നല്കിയത്. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എന്നുള്ള സ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചും 2018 ജൂലായ് 24 ന് 132/1819 നമ്പറായി പെർമിറ്റ് വാങ്ങുകയായിരുന്നു.ഇത് സംബധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് നഗരസഭയിലെ പ്രതിപക്ഷകൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു..
#കൗൺസിലർമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചു.
#കരം പോലും അടച്ചിട്ടില്ലെന്ന് വിവരാവകാശരേഖകൾ.
#സൊസൈറ്റിയുടെ സ്ഥലത്തിന്റെ പടിഞ്ഞാറുവശം സർക്കാർ പുറംമ്പോക്ക് ഭൂമിയാണെന്ന് 2019 ഫെബ്രുവരി 28 ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തു.
> വ്യാജരേഖകൾ ഹാജരാക്കി പെർമിറ്റ് കെെവശപ്പെടുത്തി
വഴിയോ പ്രവേശനമാർഗമോ ഇല്ലാത്തതും കെട്ടിടം നിർമ്മിക്കാൻ പെർമിറ്റ് പോലും ലഭിക്കാൻ പറ്റാത്ത സ്ഥലം വൻതുക നല്കി വാങ്ങി ബാങ്കിന് വൻനഷ്ടം വരുത്തി എന്ന കാര്യത്തിന് സൊസൈറ്റി പ്രസിഡന്റിനെതിരെയും ഭരണസമിതിക്കെതിരെയും ഇപ്പോഴും കേരള ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയാണ്. കേസിൽ അന്നത്തെ നഗരസഭ സെക്രട്ടറി, സൊസൈറ്റിയുടെ സ്ഥലത്തേയ്ക്ക് പ്രവേശനമാർഗം ഇല്ലായെന്നും ബിൽഡിംഗ് റൂൾ അനുസരിച്ച് കെട്ടിട നിർമ്മാണ അനുമതി നല്കാൻ കഴിയില്ലായെന്നും സത്യവാങ്മൂലം നല്കിയുന്നു. ആ കേസ് നിലനിൽക്കെയാണ് ഭരണ സ്വാധീനം ഉപയോഗിച്ച് വ്യാജരേഖകൾ ഹാജരാക്കി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് അപേക്ഷ നല്കി 6 ദിവസം കൊണ്ട് മൂന്ന് നില കെട്ടിടം നിർമ്മിക്കാൻ പെർമിറ്റ് കൈവശപ്പെടുത്തിയത്.
>വിജിലൻസ് അന്വേഷണം നടത്തണം
നഗരസഭ കൗൺസിലറും സ്ഥിരം സമിതി അദ്ധ്യക്ഷനുമായ വ്യക്തി വ്യാജരേഖ ഉണ്ടാക്കിയതിനും തെറ്റിദ്ധരിപ്പിച്ച് പെർമിറ്റ് വാങ്ങിയതിനും വിശ്വാസ വഞ്ചന അധികാരസ്ഥാനത്ത് ഇരുന്ന് നടത്തിയതിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം. ഈ പ്രവൃത്തി സത്യപ്രതിജ്ഞാ ലംഘനമാണെന്നും വിജിലൻസ് അന്വേഷണം നടത്തമെന്നും പ്രതിപക്ഷ കൗൺസിലർമാരായ റീത്താ പോൾ, ടി.ടി. ദേവസ്സിക്കുട്ടി, റെജി മാത്യു, ബാസ്റ്റിൻ ഡി.പാറയ്ക്കൽ, അഡ്വ.സാജി ജോസഫ്, കെ.ആർ. സുബ്രൻ, എം.എ. സുലോചന, ഷെൽസി ജിൻസൺ, ബിനി ബി.നായർ എന്നിവർ ആവശ്യപ്പെട്ടു.