കൊച്ചി: പണം കൊടുത്തു വാങ്ങുന്ന സാധനങ്ങളും സേവനങ്ങളും സംബന്ധിച്ച എല്ലാ വിധ പരാതികൾക്കും തീർപ്പു കല്പിക്കുന്ന സ്ഥലമാണ് ജില്ല ഉപഭോക്തൃ തർക്ക പരിഹാരഫോറങ്ങൾ. മൂന്നു മാസത്തിനുള്ളിൽ പരാതിപരിഹാരം. അഭിഭാഷകന്റെ സഹായം ആവശ്യമില്ല. അഞ്ചു ലക്ഷം വരെയുള്ള നഷ്ടപരിഹാര കേസുകൾക്ക് ഫീസ് നൽകേണ്ട. എന്നൊക്കെയാണ് മേന്മകൾ.

ഇപ്പോൾ ഫോറം കൊണ്ട് ഉപഭോക്താക്കൾക്ക് ഉപകാരമില്ലാത്ത സ്ഥിതിയാണ്. 9 മാസമായി ജില്ല ഉപഭോക്തൃ തർക്ക പരിഹാരഫോറം പ്രവർത്തനരഹിതം. തീർപ്പുകാത്തു കിടക്കുന്ന പരാതികളുടെ എണ്ണം വർദ്ധിച്ചു.

ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിനുള്ളത്.

# കോറം തികയുന്നില്ല

ഓരോ ജില്ല ഫോറത്തിലും പ്രസിഡന്റും രണ്ട് അംഗങ്ങളും വേണം. കൊച്ചിയിൽ പ്രസിഡന്റു മാത്രമേയുള്ളൂ. അംഗങ്ങളെ സർക്കാർ നിയമിക്കാത്തതിനാൽ യോഗം ചേരാനോ പരാതികളിൽ തീർപ്പു കല്‌പിക്കാനോ കഴിയുന്നില്ല. സംസ്ഥാനമൊട്ടാകെ 21 ഒഴിവുകളുണ്ട്.

#വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കനുസരിച്ച് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ 2019 ഏപ്രിൽ 30 വരെ 780 പരാതികളിലും 2103 അപ്പീലുകളിലും തീർപ്പുകല്പിക്കാനുണ്ട്.

#മറ്റ് ജില്ലകളിലെ പരാതികണക്ക്

എറണാകുളം : 1552

തിരുവനന്തപുരം: 1558

കൊല്ലം: 614

പത്തനംതിട്ട :207

ആലപ്പുഴ : 461

കോട്ടയം : 552

ഇടുക്കി: 362

തൃശൂർ: 2836

പാലക്കാട്ട്: 314

മലപ്പുറം : 474

കോഴിക്കോട്: 981

വയനാട്: 354

കണ്ണൂർ: 878

കാസർകോട്: 606

# സർക്കാരിന്റെ അലംഭാവം

സംസ്ഥാന സർക്കാരിന്റെയും ഉപഭോക്തൃ കാര്യാലയത്തിന്റെയും പിടിപ്പുകേടും അലംഭാവവും ആണ് ഉപഭോക്തൃ

ഫോറങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി റോയി തെക്കൻ പറഞ്ഞു.