road
അപകട പരമ്പര ഉണ്ടാക്കുന്ന കടയിരുപ്പിലെ ക്രോസിംഗ് റോഡ്

കോലഞ്ചേരി: സാധാരണ റോഡ് നന്നാക്കാതെ കിടക്കുമ്പോഴാണ് പരാതി ഉയരുക. എന്നാൽ റോഡ് നന്നായപ്പോൾ അപകട പരമ്പര കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കടയിരുപ്പുകാർ. ഇതിന് അറുതിവരുത്തേണ്ടവരാകട്ടേ ഇതൊന്നും കണ്ടമട്ട് കാണിക്കുന്നില്ല. വളയൻചിറങ്ങര - പീച്ചിങ്ങച്ചിറ റോഡ് ബി.എം ബി.സി നിലവാരത്തിൽ പുനർ നിർമ്മിച്ചതോടെ തുടങ്ങിയ കഷ്ടകാലമാണിത്. ഈ റോഡ് കടയിരുപ്പിൽ പെരുമ്പാവൂർ - കോലഞ്ചേരി റോഡ് കടയിരുപ്പ് ആശുപത്രി ജംഗ്ഷൻ ക്രോസ് ചെയ്താണ് കടന്നുപോകുന്നത്. തിരക്കേറിയ റോഡ് മുന്നിലുണ്ടെന്നറിയാതെ വാഹനങ്ങൾ പാഞ്ഞുവരുന്നതാണ് അപകടമുണ്ടാക്കുന്നത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ മാത്രം നാല് അപകടങ്ങളാണ് ഇവിടെയുണ്ടായത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

# വേണം മുന്നറിയിപ്പ് ബോർഡുകൾ

ഈ വർഷമാദ്യമാണ് പീച്ചിങ്ങച്ചിറ റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തത്. അതുവരെ കടയിരുപ്പ് അപകടരഹിത മേഖലയായിരുന്നു. റോഡ് ഉന്നത നിലവാരത്തിലാക്കിയപ്പോൾ അപകട സാദ്ധ്യത മുൻകൂട്ടി കണ്ട് വേഗ നിയന്ത്രണ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാത്തതാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 20 അപകടങ്ങൾ നടന്നു.

# വാഹനഗതാഗതം

വർദ്ധിച്ചു

കാക്കനാട് - തേക്കടി സംസ്ഥാനപാത പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് വാഹനയാത്ര ദുഷ്കരമായതോടെ ടിപ്പറുകളടക്കം ദീർഘദൂര വാഹനങ്ങൾ ഈ വഴിയിലൂടെ പീച്ചിങ്ങച്ചിറയിലെത്തിയാണ് എറണാകുളം , തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക് പോകുന്നത്. ഇവിടെ എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണുന്നതിനായി ഒരു വലിയ കണ്ണാടി സ്ഥാപിച്ചെങ്കിലും വാഹനമിടിച്ചു തകർന്നു. കോലഞ്ചേരി - പെരുമ്പാവൂർ റോഡിൽ ഇരു ഭാഗത്തുമുള്ള വളവ് തിരിഞ്ഞാണ് വാഹനങ്ങൾ ക്രോസിംഗ് ഭാഗത്തേയ്ക്ക് എത്തുന്നത് . ഇതോടെ ക്രോസ് ചെയ്തു വേഗതയിൽ വരുന്ന വാഹനങ്ങളെ കാണാനാകുന്നില്ല. തിരക്കേറിയ പെരുമ്പാവൂർ റോഡ് മുന്നിലുണ്ടെന്നറിയാതെ പീച്ചിങ്ങച്ചിറ റോഡിലൂടെ വരുന്ന വാഹനങ്ങൾ ക്രോസിംഗിൽ വച്ച് കൂട്ടിയിടിച്ചാണ് അപകടങ്ങൾ ഉണ്ടാകുന്നത്.

# വേഗനിയന്ത്രണ സംവിധാനങ്ങൾ

സ്ഥാപിക്കണം

ശനിയാഴ്ച നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ അപകട പരമ്പരയുടെ കാര്യം ചൂണ്ടിക്കാട്ടി ഇവിടെ വേഗ നിയന്ത്രണ സംവിധാനങ്ങൾ അടിയന്തരമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായി വി.പി. സജീന്ദ്രൻ എം.എൽ.എ പറഞ്ഞു.

# ഹമ്പ് സ്ഥാപിക്കുന്നതിന്

നിയമതടസമെന്ന്

ദേശീയപാതയുടെ നിലവാരത്തിൽ നിർമ്മിച്ച റോഡാണ് പീച്ചിങ്ങച്ചിറ റോഡ് എന്നതിനാൽ ഹമ്പ് സ്ഥാപിക്കുന്നതിന് നിയമ തടസങ്ങളുണ്ടെന്നാെണ് പൊതു മരാമത്ത് അധികൃതർ പറയുന്നത്. ആവശ്യത്തിനുള്ള അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചു കഴിഞ്ഞതായും അധികൃതർ പറഞ്ഞു. ഇരു റോഡുകളും ക്രോസ് ചെയ്യുന്ന ഭാഗത്ത് നിരവധി അനധികൃത പരസ്യബോർഡുകളുണ്ട്. ഇവ എടിത്തുമാറ്റികയും ഇരു റോഡുകളിലുമായി വളർന്നുനിൽക്കുന്ന കാടും വെട്ടിത്തെളിച്ചാൽ ഒരു പരിധി വരെ രണ്ടു റോഡുകളിലും നിന്ന് വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയും.