കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയിൽ കൈകൾ വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ വീണ്ടും നടന്നു. വിശാഖപട്ടണം സ്വദേശിയായ നാവിക ഉദ്യോഗസ്ഥനാണ് കൈകൾ വച്ചുപിടിപ്പിച്ചത്. ഞായറാഴ്ച ബംഗളൂരു നാരായണ ഹൃദയാലയം ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച ആന്ധ്ര സ്വദേശിനി മീനയുടെ (52) കൈകളാണ് ഇദ്ദേഹത്തിന് പുതുജീവിതം നൽകിയത്.
കർണാടക പൊലീസും കേരള പൊലീസും കൈകൾ അതിവേഗം അമൃതയിലെത്തിക്കാൻ കൈകോർത്തു. ബംഗളൂരുവിൽ ഗതാഗതത്തിരക്ക് ഏറ്റവുമധികമായ രാത്രി എട്ടുമണിക്കാണ് എയർപോർട്ടിലെത്താൻ ആംബുലൻസിന് പൊലീസ് സേന ഗ്രീൻചാനൽ ഒരുക്കിയത്. പുലർച്ചെ ഒന്നിന് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്ത വിമാനത്തിൽ കൊണ്ടുവന്ന കൈകൾ കേരള പൊലീസ് എസ്കോർട്ടോടെ ഇരുപത് മിനിറ്റുകൊണ്ട് അമൃതയിൽ നിന്നുള്ള ആംബുലൻസ് ആശുപത്രിയിലെത്തിച്ചു. പത്ത് മിനിറ്റിനകം ശസ്ത്രക്രിയ തുടങ്ങിയ ശസ്ത്രക്രിയ ഇന്നലെ വൈകിട്ട് 5.30 വരെ നീണ്ടു.
വിധവയായ മീനയുടെ മകളും മരുമകനും അമ്മയുടെ ശരീരം ദാനംചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചപ്പോഴാണ് നാരായണാലയത്തിലെ മലയാളിയായ ട്രാൻസ് പ്ളാന്റ് കോ ഓർഡിനേറ്റർ ലിജ മരണത്തിന് മുമ്പ് അവയവങ്ങൾ ദാനംചെയ്യുന്ന കാര്യം സൂചിപ്പിച്ചത്. ഇത് അംഗീകരിക്കപ്പെട്ടതിനെ തുടർന്ന് മീനയുടെ കൈകൾ, കരൾ, വൃക്കകൾ, ഹൃദയവാൽവുകൾ, നേത്രപടലങ്ങൾ എന്നിവ വിവിധ ആശുപത്രികളിലെ രോഗികൾക്ക് നൽകി.
അമൃതയിലെ പ്ളാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെത്തിയാണ് മീനയുടെ കൈകൾ ഏറ്റുവാങ്ങിയത്. 35കാരനായ നാവികോദ്യോഗസ്ഥൻ ഒരുവർഷമായി കൈകൾക്കായി കാക്കുകയായിരുന്നു. അമൃത ആശുപത്രിക്ക് സമീപം ഇതിനായി വാടകയ്ക്ക് താമസിച്ചു. പത്തുവർഷം മുമ്പാണ് ടോർപ്പിഡോ ഫിറ്ററായ ഇദ്ദേഹത്തിന് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് വലതു കൈപ്പത്തിയും ഇടതുകൈ തോളിന് താഴെവച്ചും നഷ്ടമായത്. ചികിത്സാ ചെലവുകളെല്ലാം നാവികസേനയാണ് വഹിക്കുന്നത്.
ഇനി ഒരു മാസം ഇദ്ദേഹം ആശുപത്രിയിൽ കഴിയണം. പിന്നീട് ഒരു വർഷം തൊട്ടടുത്ത് തന്നെ താമസിച്ച് ചികിത്സയും തുടർച്ചയായ ഫിസിയോതെറാപ്പിയും ചെയ്യണം. തുടർന്ന് സാവകാശം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാം. കൈകൾ വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപയോളം ചെലവുവരും. കേരളത്തിൽ അമൃതയിൽ മാത്രമാണ് അപൂർവമായ ഈ ശസ്ത്രക്രിയ നടക്കുന്നത്. മുമ്പ് നടന്ന അഞ്ച് കൈകൾ വച്ചുപിടിപ്പിക്കലും വിജയകരമായിരുന്നു.