കൊച്ചി : ചാനൽ ചർച്ചയിൽ മല അരയ വിഭാഗത്തെ അപമാനിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ കോൺഗ്രസ് നേതാവ് അജയ് തറയിൽ നൽകിയ ഹർജിയിൽ കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മല അരയ വിഭാഗക്കാർമുൻഗണനയുപയോഗിച്ച് സിവിൽ സർവീസിലും സർക്കാർ പദവികളിലും കയറിയശേഷം അയ്യപ്പനെ ഉപേക്ഷിച്ച് ഞായറാഴ്ചകളിൽ പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ടെന്ന് ജനുവരി എട്ടിന് ഒരു ചാനൽ ചർച്ചയിൽ അജയ് തറയിൽ പറഞ്ഞെന്നാണ് ആക്ഷേപം.മൂവാറ്റുപുഴ സ്വദേശി ഐസക്ക് നൽകിയ പരാതിയിൽ കളമശേരി പൊലീസ് പട്ടികജാതി വിഭാഗക്കാർക്കെതിരായ അക്രമം തടയൽ നിയമ പ്രകാരം അജയ് തറയിലിനെതിരെ മേയ് 27 ന് കേസെടുത്തിരുന്നു. എന്നാൽ പരാതിക്കാരൻ ഉൾപ്പെടെ ആരെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമപ്രകാരം തനിക്കെതിരെ കേസെടുത്തത് നിയമപരമല്ലെന്നും ഹർജിയിൽ പറഞ്ഞു.