കൊച്ചി:അഭിമന്യുവിനെമറന്ന ഒരുദിനം പോലുമില്ല.അതുകൊണ്ട് തന്നെഅവനെ ഓർമ്മിക്കാനുള്ള ദിനമല്ല ഇന്ന്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ. ടീച്ചർമാരോടോ കുട്ടികളോടോ സംസാരിക്കുമ്പോൾ, അവന്റെ വീട്ടിൽ നിന്ന് അച്ഛനോ അമ്മയോ ചേട്ടനോ വിളിക്കുമ്പോൾ, അങ്ങനെ ദിവസത്തിനിടയിൽ എപ്പോഴെങ്കിലും അവൻ കടന്നുവരും. അഭിമന്യുവിന്റെ പ്രിയപ്പെട്ട ജൂലി മിസിന് പറഞ്ഞു നിറുത്താനാവുന്നില്ല."രണ്ടു മാസം കഴിഞ്ഞാൽ അവന്റെ സഹോദരി അമ്മയാകും. കുഞ്ഞിനെ കാണാനായി പോകണം."
അവനെ ആദ്യം കണ്ട ദിവസവും നിമിഷവും ഇന്നും ഓർമ്മ തെറ്റാതെ പറയും മഹാരാജാസിലെ കെമിസ്ട്രി അദ്ധ്യാപിക ജൂലി. ഡാൻസ് കളിക്കുമ്പോഴും മുദ്രാവാക്യം വിളിക്കുമ്പോഴും ഒന്നാംവർഷക്കാരൻ കാട്ടിയ ആത്മാർത്ഥതയാണ് വാളണ്ടിയറായ അവനെ എൻ.എസ്.എസ് കോഓർഡിനേറ്ററായ ജൂലി ടീച്ചറിന്റെ പ്രിയപ്പെട്ട ശിഷ്യനാക്കിയത്. എൻ.എസ്.എസ് എന്തിനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആത്മാർത്ഥത ഇരട്ടിയായി. കാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായ അഭിമന്യുവിനെ, അവൻ എന്തായിരുന്നുവെന്ന് നാടറിഞ്ഞത് ജൂലി ടീച്ചറിലൂടെയാണ്.
അഭിമന്യുവിന്റെ ഓർമ്മയ്ക്കായി ഒരുപിടി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട് .ജൂലിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലെ എൻ.എസ്.എസ് വാളണ്ടിയർമാർ. അഭിമന്യുവിന്റെ മരണശേഷം ഏറ്റവും കൂടുതൽ ചർച്ചയായത് അവന്റെ പട്ടിണിക്കാലമായിരുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെ ദിവസംആദ്യം തെരുവിലെ അമ്പത് പട്ടിണിപ്പാവങ്ങൾക്ക് പൊതിച്ചോർ നൽകും . ആഴ്ചയിൽ ഒരു ദിവസമെങ്കിലും പദ്ധതി തുടരണമെന്ന് ആഗ്രഹമുണ്ടെന്നും അതിനായി വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങുമെന്നുമാണ് വിശ്വാസമെന്നും ജൂലി പറയുന്നു. കോളേജിലെ വിദ്യാർത്ഥികളുടെ പിന്തുണയോടെഎൻ.എസ്.എസിന്റെ ദത്തുഗ്രാമമായ പിഴല സെന്റ് ഫ്രാൻസിസ് യു.പി സ്കൂളിലെ നിർദ്ധനരായ 25 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. പണ്ട് ക്യാമ്പിന്റെ ഭാഗമായി അഭിമന്യു ഇവിടെതാമസിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഫിസിക്സ് ഗാലറിയിലാണ് ചടങ്ങ്.