കോലഞ്ചേരി: സപ്ലൈകോയിൽ അരിയടക്കമുള്ള സബ്‌സിഡി സാധനങ്ങൾക്ക് ക്ഷാമം .. സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന മട്ട അരി, ജയ അരി, പച്ചരി, വെളിച്ചെണ്ണ, വൻപയർ, കടല, മല്ലി, മുളക് തുടങ്ങിയവ സപ്ലൈകോയുടെ കോലഞ്ചേരി ഔട്ട് ലെറ്റിൽ കണികാണാനില്ല. കഴിഞ്ഞ ശനിയാഴ്ച 20 ചാക്ക് ജയ അരി മാത്രമാണ് ഇവിടെ എത്തിയത്. അത് ആറു മണിയോടെ തീർന്നു. സമീപ ഔട്ട് ലെറ്റുകളിലെല്ലാം സബ്‌സിഡി അരി അടക്കമുള്ള സാധനങ്ങൾ ആവശ്യത്തിനുണ്ട്. പെരുമ്പാവൂരിലെ ഡിപ്പോ അധികൃതരുടെ വീഴ്ചയാണെന്ന് ആക്ഷേപമുയർന്നു. തങ്ങൾക്ക് താൽപര്യമുള്ള മേഖലകളിലേക്ക് സബ്‌സിഡി സാധനങ്ങൾ കയറ്റി അയക്കാൻ ഡിപ്പോ മാനേജർ അടക്കമുള്ളവർ പ്രത്യേക താൽപര്യമെടുക്കുകയാണെന്നും ആക്ഷേപമുണ്ട്. ഔട്ട് ലെറ്റിൽ പ്രതിമാസം 20 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നിരുന്നത്. ഇപ്പോൾ ഉപഭോക്താക്കൾ ഔട്ട് ലെറ്റിനെ കൈയൊഴിഞ്ഞ മട്ടാണ്.