കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ രണ്ടാമത് വാർഷിക സി.എസ്.ആർ ഉച്ചകോടി നാളെകൊച്ചിയിലെ ഹോട്ടൽ മൺസൂൺ എമ്പ്രസിൽ നടക്കും. കോർപ്പറേറ്റുകളെയും എൻ.ജി.ഒകളെയും ഒരേവേദിയിൽ കൊണ്ടുവന്ന് പരസ്പരം മനസിലാക്കാനുള്ള അവസരം ഉണ്ടാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ഡബ്‌ള്യു.സി.ഡി ഡയറക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്യും. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ബിസിനസ് മേധാവി കരുണ നാഥ് സെഗാൾ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ആർ. മാധവ് ചന്ദ്രൻ, അവിറ്റിസ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽസ് ഡയറക്ടർ ശാന്തി പ്രമോദ് മങ്ങാട്ട് തുടങ്ങിയവർ സംസാരിക്കും.

പ്രളയബാധിതരായ നൂറ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് കെ.എം.എ പ്രസിഡൻറ് ദിനേശ് തമ്പി, മുൻ പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ്, ഓണററി സെക്രട്ടറി ജോർജ് ആന്റണി എന്നിവർ അറിയിച്ചു.