fish
കുളത്തിൽ ചത്തു പൊങ്ങിയ മത്സ്യങ്ങൾ

# കുളത്തിൽ വിഷം കലർത്തിയതെന്ന് സംശയം

# 3 ലക്ഷം രൂപയുടെ നഷ്ടം

കിഴക്കമ്പലം: മലയിടംതുരുത്ത് മാക്കിനിക്കരയിൽ കുളത്തിലെ വെള്ളത്തിൽ വിഷം കലർത്തിയതായി സംശയം ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തൊടുങ്ങി. ഒന്നര വർഷത്തിലേറെയായി മത്സ്യം വളർത്തുന്ന കുളമാണിത്. വിളവെടുപ്പിന് പാകമായ കട്‌ല, നെട്ടർ, തിലോപ്പി തുടങ്ങിയ ഇനത്തിൽപ്പെട്ട ഒന്നര രണ്ടു കിലോ വരെ തൂക്കമുള്ള രണ്ട് ടണ്ണിലധികം മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.

കി​റ്റെക്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 40 സെന്റോളം വരുന്ന സ്ഥലത്തെ കുളത്തിൽ ജനകീയ സംഘടന ട്വന്റി 20യുടെ സഹകരണത്തോടെ മത്സ്യഗ്രാമം പദ്ധതിയിൽ മാക്കിനിക്കര ഇടയത്ത് സന്തോഷ് ഒന്നര വർഷം മുൻപ് ആരംഭിച്ച മത്സ്യക്കൃഷിയാണിത്. ഹൈദരാബാദിൽ നിന്നുകൊണ്ടുവന്ന എണ്ണായിരത്തിലേറെ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചിരുന്നത്. ഇവ ഒന്നര വർഷത്തിനുശേഷം അടുത്ത ദിവസം വിളവെടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് സംഭവം. അവശനിലയിലായ മത്സ്യങ്ങൾ ഇനിയും ചത്തുപൊങ്ങാൻ സാധ്യതയുണ്ട്. 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.
വെള്ളത്തിന്റെ മുകൾപ്പരപ്പിൽ വരുന്ന മത്സ്യങ്ങൾ വായു ശ്വസിച്ചതിനുശേഷം പിടഞ്ഞ് ചാവുകയാണ്. ആദ്യ ഘട്ടത്തിൽ ഒന്നു രണ്ടെണ്ണം ചത്തുപൊങ്ങിയിരുന്നു. തുടർന്ന് ഒറ്റ ദിവസം കൊണ്ട് വൻതോതിൽ മീനുകൾ ചത്തുപൊങ്ങി. വെള്ളത്തിന്റെ നിറം മാ​റ്റവും ഗന്ധവും രൂക്ഷമാണ്.

തടിയിട്ടപറമ്പ് എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തി പരിശോധന നടത്തി. കൂടുതൽ നടപടികൾക്കായി കുളത്തിലെ വെള്ളമെടുത്ത് പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യം വളർത്തൽ കൂടാതെ കോഴി ഫാം, പശുവളർത്തൽ, പച്ചക്കറി തുടങ്ങി നിരവധി കൃഷികളും സന്തോഷിനുണ്ട്. നേരത്തെ ഇവിടെ മത്സ്യക്കൃഷി നടത്തുന്നതിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായും 7 വർഷത്തോളമായി മത്സ്യക്കൃഷി നടത്തുന്ന തനിക്കുണ്ടായ ആദ്യത്തെ അനുഭവമാണ് ഇതെന്നും സന്തോഷ് പറഞ്ഞു.