rajkumar
rajkumar

കൊച്ചി: പീരുമേട്ടിൽ കസ്റ്റഡി മർദ്ദനത്തിനിരയായി മരണമടഞ്ഞ രാജ്കുമാറിന്റെ റിമാൻഡുമായി ബന്ധപ്പെട്ട് തൊടുപുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിനോട് ഹൈക്കോടതി അടിയന്തര റിപ്പോർട്ട് തേടി. റിമാൻഡ് ചെയ്യാൻ ഹാജരാക്കിയപ്പോൾ ഇടുക്കി മജിസ്ട്രേട്ട് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചോ എന്നു പരിശോധിക്കാനാണ് നിർദ്ദേശം. പൊലീസുകാർ ഇയാളെ മജിസ്ട്രേട്ടിനു മുന്നിലെത്തിച്ചത് അവശനിലയിലാണെന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.

രാജ്കുമാറിനെ ജൂൺ 15 നാണ് പീരുമേട് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തത്. നെടുങ്കണ്ടം മജിസ്ട്രേട്ട് അവധിയായിരുന്നതു കൊണ്ട് ഇടുക്കി മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. നടക്കാനാവാത്ത വിധം അവശനായിരുന്ന രാജ്കുമാറിനെ പൊലീസ് വാഹനത്തിനടുത്തു ചെന്നാണ് മജിസ്ട്രേട്ട് കണ്ടതെന്നും മാദ്ധ്യമ വാർത്തകളുണ്ടായിരുന്നു. രാജ്കുമാറിന്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന മെഡിക്കൽ റിപ്പോർട്ട് സമ്പാദിച്ച് പൊലീസ് മജിസ്ട്രേട്ടിനു മുമ്പിൽ ഹാജരാക്കിയെന്നും ആരോപണമുണ്ട്.