accident
മഹിളാലയം കവലക്ക് സമീപം കീഴ്മാട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ചരക്ക് വാഹനം ബ്രേക്കിട്ടതിനെ തുടർന്ന് മറ്റൊരു വാഹനത്തിലേക്ക് പതിച്ചപ്പോൾ.

ആലുവ: ചെറിയ ചരക്കു വാഹനങ്ങളിൽ അപകടകരമായ രീതിയിൽ ചരക്കുകൾ കൊണ്ട് പോകുന്നത് അപകടങ്ങൾക്കിടയാക്കുന്നു. ചെറുവാഹനങ്ങളിൽ നീളം കൂടിയ സാധനസാമഗ്രികൾ കയറ്റുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.

കഴിഞ്ഞ ദിവസം ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ മഹിളാലയം ജംഗ്ഷന് സമീപം കീഴ്മാട് സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ ഏയ്‌സ് വാഹനത്തിൽ കൊണ്ട് പോകുകയായിരുന്ന ഇരുമ്പ് ബാറുകൾ വാഹനം പെട്ടെന്ന് നിറുത്തിയതിനെ തുടർന്ന് ഇരുമ്പ് ബാറുകൾ മുഴുവനായും മുൻവശത്തേക്ക് തെന്നി മാറി മുമ്പിൽ പോകുകയായിരുന്ന മറ്റൊരു ഏയ്‌സ് വാഹനത്തിൽ പതിച്ചാണ് നിന്നത്. ചരക്ക് വാഹനത്തിത്തിന്റെ പിറകിലായി പതിച്ചതിനാലാണ് അപകടം ഒഴിവായത്. ഇരു ചക്രവാഹനങ്ങളിലോ, മറ്റു യാത്ര വാഹനങ്ങളിലോ ആണ് പതിച്ചിരുന്നെങ്കിൽ വൻ അപകടം സംഭവിക്കുമായിരുന്നു. പലപ്പോഴും ഇത്തരത്തിൽ ചരക്കുകൾ വേണ്ടത്ര രീതിയിൽ കെട്ടാതെയും, വാഹന പരിധിവിട്ട് പുറകിലേക്കും മുൻപിലേക്കും ഇരുവശങ്ങളിലേക്കും തളളിയ നിലയിൽ കൊണ്ട് പോകുന്നത് അപകടങ്ങൾക്കിടയാക്കുന്നത്. കുറച്ച് നാൾ മുമ്പ് തോട്ടുമുഖം പോസ്റ്റ് ഓഫീസിന് മുന്നിലും ഇതേ രീതിയിൽ അപകടം നടന്നിരുന്നു.