ksu
കെ. എസ്. യു മാർച്ച്

കൊച്ചി : അഭിമന്യുവിന്റെ പ്രതിമയല്ല വേണ്ടത് പ്രതികളെയാണ് എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.യു എറണാകുളം ജില്ല കമ്മിറ്റി കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതിയെ പിടിക്കാതെ പ്രതിമ ഉണ്ടാക്കുന്നത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന്ആരോപിച്ചായിരുന്നു കെ.എസ്.യുവിന്റെ മാർച്ച്. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷി സേവ്യർഅദ്ധ്യക്ഷനായിരുന്നു.
അഭിമന്യു മരിച്ച സമയത്ത് നാടുമുഴുവൻ പൈസ പിരിക്കാനും രക്തസാക്ഷിത്വം പറഞ്ഞ് വോട്ട് പിടിക്കാനും കാണിച്ചതിന്റെ പത്തിലൊന്ന് ആത്മാർത്ഥത പ്രതികളെ പിടികൂടാൻ എസ്.എഫ്.ഐ കാണിച്ചില്ലെന്ന് കെ.എസ്.യു നേതാക്കൾആരോപിച്ചു. ഡി.സി.സി.ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് മഹാരാജാസിന്റെ കിഴക്കേ കവാടം ചുറ്റി കളക്ടറുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് ,എസ്, എൻ.എസ്.യു.ഐ സെക്രട്ടറി അബിൻ വർക്കി, മുൻ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്ഥാന സെക്രട്ടറിമാരായ അജ്മൽ ആലുവ, അസ്‌ലം പി.എച്ച്, അഫ്ഫാൻ റഹ്മാൻ ,ജില്ലാ സെക്രട്ടറിമാരായ മൻസൂർ കെ.എം, അനസ് കെ.എം, എസ്. സുചിത്ര,​ യൂത്ത് കോൺഗ്രസ് നേതാക്കളായ വിവേക്, ഹരിദാസ്,​ സേതുരാജ് എന്നിവർ പങ്കെടുത്തു.