കൊച്ചി : അശാസ്ത്രീയവും അപ്രായോഗികവുമായാണ് സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലെ പ്ളസ് വൺ ബാച്ചുകളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചതെന്ന് പരാതി. 50 കുട്ടികൾക്ക് സൗകര്യമുള്ള ക്ളാസ് മുറികളിൽ 65 പേരെ വരെ പഠിപ്പിക്കേണ്ട അവസ്ഥയിലാണ് അദ്ധ്യാപകർ. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ സീറ്റുകൾ കൂട്ടിയത് പഠനത്തെ സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
50 പേരുള്ള പ്ലസ് വൺ ബാച്ചുകളിൽ 20 ശതമാനം വർദ്ധിപ്പിച്ച് നേരത്തെ 60 സീറ്റുകളാക്കിയിരുന്നു. വടക്കൻ ജില്ലകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കാത്തതിനെ തുടർന്നാണ് മുഴുവൻ ബാച്ചുകളിലും 10 ശതമാനം സീറ്റുകൾ കൂടി വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഇതോടെ ഓരോ ബാച്ചിലും 65 കുട്ടികൾ വീതമാകും.
ഭൂരിപക്ഷം സർക്കാർ സ്കൂളുകളിലും 40 കുട്ടികൾക്ക് ഇരിക്കാവുന്ന 20 X 20 അടി വലിപ്പമുള്ള ക്ലാസ് മുറികളാണുള്ളത്. ഇത്തരം മുറികളിൽ കൗമാരപ്രായക്കാരായ 65 പേരെ പഠിപ്പിക്കുന്നത് പ്രായോഗികല്ലെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) നേതാക്കൾ പറഞ്ഞു.
# സർക്കുലറുകൾക്ക് വിരുദ്ധം
ഹയർ സെക്കൻഡറി ഡയറക്ടറുടെ 2000 ലെ സർക്കുലർ പ്രകാരം ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം 50 ആയി നിശ്ചയിച്ചിട്ടുണ്ട്. 2001 ജൂലായിൽ ഹൈക്കോടതി ഉത്തരവു പ്രകാരം സർക്കാറിന് 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചു. 2001 ആഗസ്റ്റിലെ ഉത്തരവിൽ കർശന നിയന്ത്രണത്തോടെ മാത്രമേ സീറ്റു വർദ്ധിക്കാവൂവെന്ന് വ്യവസ്ഥയുണ്ട്. സ്കൂളുകളിൽ മതിയായ അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സീറ്റു വർദ്ധിപ്പിക്കാവൂ. പരാതികളുണ്ടായാൽ സീറ്റ് വർദ്ധനവ് റദ്ദുചെയ്യുമെന്നും ഉത്തരവിലുണ്ട്.
# പഠനം താളം തെറ്റിക്കും
അടിസ്ഥാന സൗകര്യങ്ങൾ പരിഗണിക്കാതെ നിർബന്ധിതമായി സീറ്റുകൾ വർദ്ധിപ്പിക്കുന്നത് പഠനത്തെ താളം തെറ്റിക്കും. കുട്ടികൾക്ക് വ്യക്തിപരമായ ശ്രദ്ധ ലഭിക്കില്ല. 50 കുട്ടികൾക്കുള്ള ഭൗതിക സാഹചര്യങ്ങൾ 65 കുട്ടികൾ പങ്കിടുമ്പോൾ ലബോറട്ടറി, ലൈബ്രറി, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ അപര്യാപ്തമാകും. കുട്ടികൾ തിങ്ങിനിറഞ്ഞ മുറികളിൽ പുതിയ പാഠ്യപദ്ധതി പ്രകാരം ഗ്രൂപ്പു ചർച്ച, സെമിനാറുകൾ, സംവാദങ്ങൾ തുടങ്ങിയ പഠനപ്രവർത്തനങ്ങൾ ഫലപ്രദമാകില്ല.
# അനുപാതവും തെറ്റി
വിദ്യാഭ്യാസ അവകാശനിയമപ്രകാരവും വിദ്യാർത്ഥികളുടെ പരമാവധി എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി, സെക്കൻഡറി ക്ലാസുകളിൽ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം യഥാക്രമം 1: 30, 1 : 35 എന്നിങ്ങനെയാണ്. ഹയർ സെക്കൻഡറിയിൽ 65 പേരെ പരിമിതമായ സാഹചര്യത്തിൽ പഠിപ്പിക്കേണ്ടി വരുന്ന ദുരവസ്ഥ ഒഴിവാക്കപ്പെടണം.
# ആവശ്യമുള്ളിടത്ത് വർദ്ധിപ്പിക്കാം
പുതിയ ബാച്ചുകൾ അനുവദിക്കുമ്പോഴുള്ള സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാനാണ് അശാസ്ത്രീയമായ സീറ്റുവർദ്ധനവ്. പ്രായോഗികവും അശാസ്ത്രീയവുമായ സീറ്റുവർദ്ധന പ്രവേശനം ലഭിച്ച പ്ലസ് വൺ വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷത്തെ തകർക്കുന്ന നീക്കത്തിൽ നിന്ന് പിന്മാറണം. ആവശ്യമുള്ള പ്രദേശങ്ങളിൽ മാത്രം കൂടുതൽ സീറ്റുകൾ അനുവദിച്ചാൽ മതി.
എം. രാധാകൃഷ്ണൻ
സംസ്ഥാന പ്രസിഡന്റ്
എച്ച്.എസ്.എസ്.ടി.എ
ക്ളാസ് മുറികളുടെ ശേഷി : 50
സീറ്റു വർദ്ധിപ്പിച്ചാൽ : 65
ക്ളാസ് മുറികൾ ആൾക്കൂട്ടമാകും
പഠനത്തിൽ ശ്രദ്ധ കുറയാനിട
ലാബ് സൗകര്യം പരിമിതമാകും