arjun
അർജുൻ

കൊച്ചി: അഭിമന്യുവിന്റെ ഓർമ്മദിവസം ഒത്തുകൂടാൻ വിദ്യാർത്ഥികളെ ക്ഷണിക്കുന്ന തിരക്കിലായിരുന്നു അർജുൻ കൃഷ്ണ ഇന്നലെ . അഭിമന്യുവിനൊപ്പം കത്തിക്കിരയായെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട സഹപാഠി. കരളിൽ കത്തി കൊണ്ടേറ്റ മുറിവുണങ്ങി. പക്ഷേ ഹോസ്റ്റലിലെ പ്രിയ കൂട്ടുകാരന്റെ വേർപാട് ഏല്പിച്ച മുറിവുണങ്ങിയില്ലെന്ന് ആ മുഖം പറയുന്നു.

മൂന്നാറിലെ വട്ടവടയിൽ നിന്ന് വന്ന് നിമിഷനേരം കൊണ്ട് ചുറ്റും നിൽക്കുന്നവരെ കൂട്ടുകാരാക്കി മാറ്റുന്ന അഭിമന്യുവിന്റെ മാജിക്കാണ് അവനെക്കുറിച്ചുള്ള അർജുന്റെ ആദ്യയോർമ്മ. ഹോസ്റ്റൽ സെക്രട്ടറിയായപ്പോൾ എല്ലാവരുടെയും സൗകര്യം മുഖം നിറഞ്ഞ ചിരിയോടെ അന്വേഷിക്കുന്ന പ്രിയ കൂട്ടുകാരൻ.

അവനെ നഷ്ടമായ ആ രാത്രി അർജുൻ ഓർത്തെടുത്തു. രാത്രി പന്ത്രണ്ടരയോടെ കോളേജിൽ നിന്നുള്ള ബഹളം കേട്ടാണ് ഹോസ്റ്റലിൽ നിന്ന് അഭിമന്യുവിനൊപ്പം പിൻഗേറ്റിലേക്ക് എത്തിയത്. അവിടെ കാത്ത് നിന്നത് ആയുധങ്ങളേന്തിയ സംഘമായിരുന്നു. കൊല്ലണമെന്ന് കരുതിക്കൂട്ടിയാണ് അവർ ആഞ്ഞടുത്തത്. കത്തികൊണ്ടുള്ള കുത്തിലും വെട്ടിലും ഉണ്ടായ മുറിവുകളായിരുന്നു എല്ലാവർക്കും. എല്ലാവരും ഓടിരക്ഷപ്പെട്ടപ്പോൾ അവർക്ക് മുന്നിൽ കീഴടങ്ങാനേ അഭിമന്യുവിനായുള്ളൂ. അടിയോ ബഹളമോ കൈകാര്യം ചെയ്തു ശീലമില്ലായിരുന്നു അവന്.

കേസന്വേഷണത്തിൽ അർജുൻ തൃപ്തനാണ്. അക്രമി സംഘത്തിലെ 14 പേർ അറസ്റ്റിലായി. അവരെയെല്ലാം നേരിൽ കണ്ട് തിരിച്ചറിഞ്ഞതാണ്. അഭിയെ കുത്തിയ ആളുടെ മുഖം ഓർമ്മയിലില്ല. അന്നും കുത്തിയ ആളെ വ്യക്തമായി കണ്ടിരുന്നില്ല. മുറിവുണങ്ങിയെങ്കിലും ഇപ്പോഴും പൂർണ ആരോഗ്യം കൈവരിച്ചിട്ടില്ല. കുറച്ചധികം നേരം ഇരിക്കുമ്പോഴും നടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ശരീര വേദനയാണ്. ഇപ്പോഴും ചികിത്സ തുടരുന്ന അർജുന് ഭക്ഷണക്രമത്തിലും കൃത്യമായ ചിട്ടകൾ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.