കൊച്ചി: മലയാളിയുടെ നെഞ്ചകം പൊള്ളിച്ച കണ്ണീരായി അഭിമന്യു മാറിയിട്ട് ഇന്നേക്ക് ഒരാണ്ട്. ഇടുക്കി വട്ടവടയിലെ ഒറ്റമുറി വീട്ടിൽ നിന്ന് എറണാകുളം മഹാരാജാസ് കോളേജിലേക്ക് അവൻ വന്നത് ഒരു നാടിന്റെയൊന്നാകെ സ്വപ്നങ്ങളുമായാണ്. എന്നാൽ,​ കോളേജിൽ നവാഗതരെ സ്വാഗതം ചെയ്യാനെഴുതിയ ചുവരെഴുത്തിന്റെ പേരിൽ എതിരാളികളുടെ കത്തിക്കിരയാവാനായിരുന്നു വിധി. ജൂലായ് 2ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് മഹാരാജാസ് കോളേജിന്റെ പിന്നിലെ കവാടത്തിനരികിൽ അഭിമന്യു കുത്തേറ്റ് മരിച്ചത്. അന്നേദിവസം കോളേജിലേക്ക് വരുന്ന കുട്ടികൾക്ക് സ്വാഗതമേകുന്ന എഴുത്തിനായി വെള്ളപൂശിയിട്ട ചുവരിൽ എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചതാണ് തുടക്കം. അത് സംഘർഷത്തിലേക്ക് നീങ്ങിയപ്പോഴാണ് അഭിമന്യുവും കൂട്ടുകാരും ഹോസ്റ്റലിൽ നിന്നെത്തിയത്. മകനെ അവസാനമായി കണ്ട അമ്മ ഭൂപതിയുടെ 'നാൻ പെറ്റമകനേ'യെന്ന കരച്ചിൽ ഇന്നും ആർക്കും മറക്കാനായിട്ടില്ല.

കോളേജിന് മുന്നിൽ അഭിമന്യുവിന്റെ പേരിൽ പണിയുന്ന രക്തസാക്ഷി സ്തൂപം വിവാദത്തിലായെങ്കിലും അഭിമന്യുവിനെ ഓർക്കാതെ,​ 'കാണാതെ',​ മഹാരാജാസുകാർക്ക് ഒരു ദിനമില്ലെന്ന് തന്നെ പറയാം. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ചുവരിൽ അവൻ കുറിച്ച വരികൾ "വർഗീയത തുലയട്ടെ" ചില്ലിട്ട് വെച്ചിട്ടുണ്ട് കൂട്ടുകാർ. കോളേജിനകത്തേക്ക് കയറുംതോറും പലയിടത്തായി അവന്റെ ഓർമ്മകളുണ്ട്. "എന്റെ കാര്യം നോക്കാനാണെങ്കിൽ വേറെയേതെങ്കിലും പ്രസ്ഥാനത്തിൽ വിശ്വസിച്ചാൽ പോരായിരുന്നോ?​" എന്ന ചോദ്യത്തോടെ അവന്റെ ചിരിക്കുന്ന മുഖം നിറഞ്ഞിരിക്കുന്ന ഫ്ളക്സ് കോളേജ് ക്യാമ്പസിനുള്ളിൽ അന്ന് സ്ഥാപിച്ചത് ഇന്നും മങ്ങാതെയിരിപ്പുണ്ട്. നേരിട്ട് അറിയാത്തവർക്ക് പോലും മരണശേഷം വാർത്തകളിലൂടെയും സോഷ്യൽമീഡിയയിലൂടെ പ്രചരിച്ച അവന്റെ പാട്ടിലൂടെയും അഭിമന്യു പ്രിയപ്പെട്ടവനാണ്.

കോളേജിൽ അഭിമന്യുവിന്റെ ഓർമ്മപുതുക്കാനായി ഒരുപിടി പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ് എസ്.എഫ്.ഐ പ്രവർത്തകരും വിദ്യാർത്ഥികളും. അഭിമന്യു കുത്തേറ്റുവീണയിടത്ത്​ അതേ സമയത്തിൽ വിദ്യാർത്ഥികൾ ഒത്തുചേരും. രാവിലെ 10ന് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ അനുസ്മരണ റാലി ഹൈക്കോടതി ജംഗ്ഷനിൽ ആരംഭിച്ച് രാജേന്ദ്ര മൈതാനത്ത് അവസാനിക്കും. അഭിമന്യുവിന്റെ അച്ഛൻ മനോഹരനും അമ്മ ഭൂപതിയും സഹോദരൻ പരിജിത്തും പരിപാടിയിൽ പങ്കെടുക്കാനായി ഇന്ന് കോളേജിലെത്തും. ഇടുക്കിയിലെ അനുസ്മരണത്തിൽ പങ്കെടുത്തതിന് ശേഷമാകും ഇവരെത്തുക.