പറവൂർ : പറവൂർ നഗരസഭയിൽ പ്രളയ ദുരിതാശ്വാസ ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്നതിൽ പക്ഷാഭേദപരമായ നടപടിയിൽ പ്രതിഷേധിച്ച് വനിതാ കൗൺസിലർ സ്ഥാനം രാജിക്കൊരുങ്ങി. നാലാം വാർഡ് കോൺഗ്രസ് എസ് അംഗം ലൈജോ ജോൺസനാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. വെള്ളക്കടലാസിൽ എഴുതിയ കത്ത് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് സെക്രട്ടറി തിരിച്ചു നൽകി. നിശ്ചിത ഫോറത്തിൽ രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് നഗരസഭാ ഓഫീസിൽ നിന്നും മടങ്ങിയ കൗൺസിലറെ പാർട്ടി ഇടപ്പെട്ട് പിൻതിരിപ്പിച്ചു. ഘടകക്ഷി അംഗങ്ങളോടുള്ള വിവേചനമാണ് പ്രതിഷേധത്തിന് കാരണമായത്. പ്രളയബാധിതരുടെ അപ്പീൽ അപേക്ഷകൾ ജനപ്രതിനിധികൾ നേരിട്ട് സ്വീകരിക്കരുതെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് നഗരസഭ പ്രത്യേക കൗണ്ടർ തുറന്നാണ് അപേക്ഷ സ്വീകരിച്ചത്. സർക്കാർ നിർദ്ദേശം കാര്യമാക്കാതെ ചില യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാർ വാർഡുകളിൽ നിന്നും അപേക്ഷകൾ വാങ്ങി നഗരസഭയിൽ എത്തിച്ചെങ്കിലും ഇവ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല.