സ്തൂപം അനാച്ഛാദന ചടങ്ങ് തടയണമെന്ന ആവശ്യം നിരസിച്ചു
കൊച്ചി : മഹാരാജാസ് കോളേജിൽ അഭിമന്യുവിന്റെ സ്തൂപം ഇന്ന് അനാച്ഛാദനം ചെയ്യാനിരിക്കെ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നില്ലെന്ന് പൊലീസും ജില്ളാ കളക്ടറും ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ സ്തൂപം കോളേജിൽ സ്ഥാപിക്കുന്നതിനെതിരെ ബി.എ വിദ്യാർത്ഥികളായ കെ.എം. അംജാദ്, കാർമ്മൽ ജോസ് എന്നിവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഇന്നു നടക്കുന്ന ചടങ്ങു തടയണമെന്ന ആവശ്യം കോടതി നിരസിച്ചു. പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ എറണാകുളം സിറ്റി പൊലീസ് കമ്മിഷണറെ ഹർജിയിൽ സ്വമേധയാ കക്ഷി ചേർത്തു. പൊലീസ് പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം പ്രവർത്തിക്കണമെന്നും പൊലീസ് അതിക്രമത്തെക്കുറിച്ച് പരാതി ഉയരാതെ നോക്കണമെന്നും ഉത്തരവിൽ പറയുന്നു.
അഭിമന്യുവിന്റെ സ്തൂപം സ്ഥാപിക്കുന്നത് തടയാൻ ഇന്നലെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സ്തൂപനിർമ്മാണം തടയാൻ ജില്ലാ കളക്ടർക്കും കൊച്ചി നഗരസഭയ്ക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. എന്നാൽ നിവേദനം നൽകിയത് മറ്റൊരു വിദ്യാർത്ഥി സംഘടനയുടെ ഭാരവാഹികളാണെന്നും ഇവരെ കക്ഷി ചേർത്തിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. സ്തൂപം സ്ഥാപിക്കുന്നതിനെ കാമ്പസ് ഫ്രണ്ട് എതിർക്കുന്നെന്ന് ഹർജിയിൽ പറയുന്നുണ്ടെങ്കിലും നിവേദനങ്ങളിൽ ഇത്തരം പരാമർശമില്ല. പ്രശ്നസാദ്ധ്യത പറയുന്നുണ്ടെങ്കിലും പൊലീസിനെ കക്ഷിയാക്കിയില്ല. സ്തൂപം നിർമ്മിക്കുന്നതിനെതിരെ പ്രിൻസിപ്പലിന് പരാതി നൽകിയിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഇക്കാര്യത്തിൽ പ്രിൻസിപ്പലിന്റെ നിലപാട് ഇന്നലെ തേടാൻ സർക്കാർ അഭിഭാഷകനോടു നിർദേശിച്ചെങ്കിലും സാധിച്ചില്ല. ഹർജിയിലെ വാദങ്ങളുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ മറുപടി സത്യവാങ്മൂലം നൽകാനും ഹൈക്കോടതി നിർദേശിച്ചു. കോളേജിൽ ഇന്നു നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ജില്ലാ കളക്ടറും കമ്മിഷണറും റിപ്പോർട്ട് നൽകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സ്തൂപം നിർമ്മിക്കാൻ നഗരസഭയുടെ അനുമതി തേടിയിരുന്നില്ലെന്ന് കൊച്ചി കോർപ്പറേഷൻ കോടതിയിൽ വ്യക്തമാക്കിയെങ്കിലും സർക്കാർ ഭൂമിയിലെ നിർമ്മാണത്തിന് കോർപ്പറേഷന്റെ അനുമതി ആവശ്യമില്ലെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് ചട്ടത്തിൽ പറയുന്ന കെട്ടിടങ്ങളുടെ പരിധിയിൽ സ്തൂപം ഉൾപ്പെടുമോയെന്ന കാര്യവും പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.