പെരുമ്പാവൂർ : ആരോഗ്യ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി ചേരാനല്ലൂർ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ശിലയിട്ടു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 56 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം.
65 വർഷം പിന്നിട്ട ആശുപത്രിക്കായി പഞ്ചായത്ത് 1997 ൽ സ്വന്തമായി സ്ഥലം വാങ്ങി. ദിനം പ്രതി ഇരുനൂറ്റമ്പതോളം രോഗികൾ ഇവിടെ എത്തുന്നുണ്ട്. മൂന്ന് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മങ്കുഴി, തോട്ടുവ, ഇടവൂർ പ്രദേശങ്ങളിലുള്ളവർ ആയുർവേദ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ഇവിടെയാണ്. ഒരു ഡോക്ടർ ഉൾപ്പെടെ 6 ജീവനക്കാരുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.പി. വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ജാൻസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾ ഉതുപ്പ്, എം.പി. പ്രകാശ്, സിസിലി ഇയ്യോബ്, വൈസ് പ്രസിഡന്റ് മായാ കൃഷ്ണകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനി ജോസ്, സാബു പാത്തിക്കൽ, പഞ്ചായത്ത് അംഗങ്ങൾ, ഡോ അനുരാധ, ഡോ. വിക്ടർ, എൽദോസ് പാത്തിക്കൽ തുടങ്ങിയവർ പങ്കെടുത്തു.