 പാരിസ്ഥിതിക അനുമതി തെളിവെടുപ്പ് നടത്തി

കൊച്ചി: കിൻഫ്ര അമ്പലമുകളിൽ സ്ഥാപിക്കുന്ന നിർദ്ദിഷ്ട പെട്രോ കെമിക്കൽ പാർക്കിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിൽ കളക്ടർ എസ്. സുഹാസ് അദ്ധ്യക്ഷത വഹിച്ചു. കിൻഫ്ര ജനൽ മാനേജർ ഡോ. ടി.ഡി. ഉണ്ണിക്കൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

ഫാക്ടിൽ നിന്ന് ഏറ്റെടുക്കുന്ന അമ്പലമുകളിലെ 490 ഏക്കർ സ്ഥലത്താണ് നിർദ്ദിഷ്ട പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കുന്നത്.

 പദ്ധതി ചെലവ് 1289 കോടി രൂപ

ജർമ്മൻ കെമിക്കൽ പാർക്കുകളെ മാതൃകയാക്കി സ്ഥാപിക്കുന്ന പാർക്കിന് 1289 കോടി രൂപയാണ് പദ്ധതി ചെലവ്. എല്ലാ വിധ മാനദണ്ഡങ്ങളും പാലിച്ചാകും പ്രവർത്തനം. പാർക്ക് പ്രവർത്തന സജ്ജമാകുന്നതോടെ 3733 പേർക്ക് സ്ഥിരമായും 5597 പേർക്ക് താത്കാലികമായും തൊഴിൽ ലഭിക്കും. സംസ്ഥാനത്ത് അനുബന്ധ വ്യവസായങ്ങളുടെ വളർച്ചക്കും പാർക്കിന്റെ വരവ് ഗുണം ചെയ്യുമെന്നും ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു.

# പ്രദേശവാസികൾക്ക് ആശങ്ക

പാർക്കിന്റെ വരവിനെ സംബന്ധിച്ച് പ്രദേശവാസികൾക്ക് ആശങ്കയുണ്ടെന്ന് വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തംഗം അബ്ദുൾ ബഷീർ പറഞ്ഞു. വിവിധ പദ്ധതികളുടെ വരവോടെ പഞ്ചായത്തിലെ ജനങ്ങൾ മലിനീകരണം മൂലം പൊറുതിമുട്ടുകയാണ്. പൊതു തെളിവെടുപ്പിനെക്കുറിച്ചുള്ള അറിയിപ്പ് പദ്ധതി പ്രദേശത്തിനടുത്ത് താമസിക്കുന്നവർക്കും പഞ്ചായത്ത് നിവാസികൾക്കും ലഭിച്ചില്ലെന്നും അബ്‌ദുൾ ബഷീർ പറഞ്ഞു.