കൊച്ചി : എംപാനൽ ഡ്രൈവർമാരെ പിരിച്ച് വിട്ടതോടെ സംസ്ഥാനമാകെ കെ.എസ്.ആർ.ടി.സി സർവീസ് താളം തെറ്റിയപ്പോൾ കൂട്ടത്തിൽ കൂടാതെ എറണാകുളം ഡിപ്പോ. ദിവസവും ഓടേണ്ട 87 സർവീസുകൾക്ക് പകരം ബംഗളൂരുവിലേക്ക് ഓടിയ 3 അധിക സർവീസുകളുൾപ്പെടെ 95 സർവീസുകളാണ് ഇന്നലെ നടത്തിയത്. അവധിയിലായിരുന്ന ജീവനക്കാരെ തിരിച്ചുവിളിച്ചാണ് എറണാകുളം ഡിപ്പോ സംസ്ഥാനത്ത് സർവീസ് മുടക്കാത്ത ഏക ഡിപ്പോ ആയത്.
അന്തർസംസ്ഥാന സ്വകാര്യ ബസ് സമരത്തിൽ ആറ് ലക്ഷം രൂപ വരുമാന നേട്ടമുണ്ടാക്കുക കൂടി ചെയ്തു ഡിപ്പോ. മൂന്ന് സർവീസുകളാണ് നിലവിൽ എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക് നടത്തുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് മൂന്ന് അധിക സർവീസ് കൂടി ആരംഭിച്ചു. ഈ സർവീസുകളിൽ നിന്ന് ദിവസേന 50000 ത്തിന് മുകളിൽ വരുമാനം ഡിപ്പോയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഞായറാഴ്ച വരെ മൊത്തം 12 സർവീസുകളിൽ നിന്ന് ഏകദേശം ആറ് ലക്ഷം രൂപയാണ് കെ.എസ്.ആർ.ടി.സി നേടിയിരിക്കുന്നത്.