കൊച്ചി: ജില്ലയിലെ നാലമ്പല ക്ഷേത്രങ്ങളിൽപ്പെട്ട സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന മാമ്മലശേരി നെടുങ്ങാട് ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിൽ നാളെ (ബുധൻ) പ്രതിഷ്ഠാദിന മഹോത്സവവും ചുറ്റമ്പലസമർപ്പണവും നടക്കും. ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5.30ന് നിർമ്മാല്യം, 9.30 വരെ അഭിഷേകം, മലർനിവേദ്യം , ഉഷ:പൂജ , തുടർന്ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം ,ഉപദേവന്മാർക്ക് ഒറ്റക്കലശങ്ങൾ,
12 ന് അന്നദാനം. വൈകിട്ട് 6.30ന് ദീപാരാധന, 7.15ന് അത്താഴപ്പൂജ എന്നിവ നടക്കും.
രാമായണ മാസത്തിലെ നാലമ്പല ദർശനങ്ങളിൽ ജില്ലയിലെ പിറവത്തിനടുത്തുള്ള രാമമംഗലം പഞ്ചായത്തിലെ മാമ്മലശേരിയിൽ 1500 വർഷത്തെ പഴക്കമുള്ള ശ്രീരാമസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം എന്നിവയും പ്രസിദ്ധമാണ്. ദർശനപുണ്യം തേടി പതിനായിരങ്ങളാണ് വർഷം തോറും ഇവിടെ എത്തുന്നത്.