പറവൂർ : ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ പ്രതീക്ഷ നൽകുന്നത് മാധ്യമങ്ങളെ മാത്രമാണെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. കൈതാരം റെഡ് സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച അവാർഡ് ജേതാക്കളെ ആദരിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ സുപ്രധാന ഘടകങ്ങളായ ജൂഡീഷറിയും ലെജിസ്ളേറ്റർ എക്‌സിക്യൂട്ടിവും പരസ്പരം ഇടകലരാതെ പ്രവർത്തിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇന്നത്തെ സാഹചര്യം അങ്ങിനെയല്ല. വേണ്ടത്ര ചർച്ചകളില്ലാതെയാണ് ലെജിസ്ളേറ്റീവ് നിയമനിർമാണം നടത്തുന്നത്. പലപ്പോഴും ഉദ്യോഗസ്ഥർ പടച്ചുവിടുന്ന രേഖകൾ നിയമമാക്കുകയാണ് ഉണ്ടാകുന്നത്. ഇവയെ നിയന്ത്രിക്കേണ്ട ജൂഡീഷറിയിലും തെറ്റായ പ്രവണതകളാണ് നടന്നുവരുന്നത്. ഇത്തരത്തിൽ ജനാധിപത്യം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമ്പോൾ അല്പമെങ്കിലും ആശ്വാസം നൽകുന്നത് മാധ്യമങ്ങളുടെ ഇടപെടലാണ്. ചില മാധ്യമങ്ങൾക്ക് പരസ്യം നൽകില്ലെന്ന ഭരണകൂടങ്ങളുടെ തീരുമാനം അവയെ വരുതിയിലക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഫൈൻ ആർട്സ് സൊസൈറ്റി ചെയർമാൻ കെ.വി. ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കേരള മീഡിയ അക്കാദമി അവാർഡും മട്ടന്നൂർ പ്രസ്ക്ലബ് അവാർഡും നേടിയ കെ.വി. രാജശേഖരൻ, കെടാമംഗലം സദാനന്ദൻ സ്മാരക പുരസ്കാരവും സച്ചിൻ കൈതാരം സ്മാരക അവാർഡും നേടിയ കൈതാരം വിനോദ്‌കുമാർ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. അഡ്വ. കെ.എസ്. ഹരിഹരൻ, വിനോദ് കെടാമംഗലം, പി.ആർ. ഉണ്ണികൃഷ്ണൻ, എൻ.ബി. സോമൻ, അൻവർ കൈതാരം, ബൈജു വിവേകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.