atm-

കൊച്ചി: കറുത്ത ജീൻസ്, ഒന്നിനുമേൽ ഒന്നായി എട്ട് ടീ ഷർട്ട്. അതിനുമുകളിൽ കറുത്ത ജാക്കറ്റ്. പാതി മറയ്ക്കും വിധമുള്ള മുഖംമൂടിയും കൂളിംഗ് ഗ്ലാസും ഗൗസും. എല്ലാം കറുത്തത് തന്നെ. അടിമുടി ഇംഗ്ലീഷ് സിനിമയിലെ ഹൈടെക് കവർച്ചക്കാരന്റെ ലുക്ക്. എറണാകുളം വൈപ്പിനിൽ എ.ടി.എം കവർച്ചാശ്രമ കേസിൽ പിടിയിലായ യുവാവിന്റെ സ്റ്റൈൽ കണ്ട് ഞാറയ്ക്കൽ പൊലീസ് ഒന്ന് അമ്പരന്നു. അന്തർ സംസ്ഥാന മോഷ്ടാവാണോയെന്ന സംശയം ഉയർന്നെങ്കിലും ചോദ്യം ചെയ്ത് തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ കൂട്ടച്ചിരിയിലേക്ക് വഴിമാറിയത്. നായരമ്പലം നെടുങ്ങാട് നികത്തുതറ ആദർശ് (20) ആണ് സൂപ്പർ ഗെറ്റപ്പിൽ എളങ്കുന്നപ്പുഴയിലെ എ.ടി.എം കവർച്ചയ്ക്ക് ശ്രമിച്ച് പൊലീസ് പിടിയിലായത്.

ബൈക്ക് വാങ്ങിയ കടം വീട്ടാനാണ് റോബിൻഹുഡ് ലുക്കിലെത്തി ലോക്കൽ സ്റ്റൈലിൽ കവർച്ചയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ഒരു സോപ്പ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ആദർശ്. അടുത്ത ബന്ധത്തിലെ സഹോദരന്റെ വിവാഹ ആവശ്യങ്ങൾക്ക് അവധിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലിക്ക് പോയില്ല. ഇതോടെ കൈയിൽ പണമില്ലാതെയായി. ഇതോടെ ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിയ ബൈക്കിന്റ സി.സി മുടങ്ങി. ബൈക്കിന്റെ കടം മുഴുവനായി വീട്ടാനാണ് ആദർശ് എ.ടി.എം കവർച്ചയ്ക്ക് പദ്ധതിയിട്ടത്. സി.ഐ എം.ജി. മുരളി, എസ.ഐ സംഗീത് ജോബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എ.എസ്.ഐ എം.കെ. ഷംസുദ്ദീൻ, സീനിയർ സി.പി.ഒ പി.കെ.മനോജ്, സി.പി.ഒമാരായ എം.എസ്.മിറാസ്, വിനു, പി.വി.ശിവദാസ്, പ്രവീൺ ദാസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാനായത് പൊലീസിനും പൊൻതൂവലായി.

സിനിമ കണ്ട് പഠിച്ചു
ഓരാഴ്ചയോളം ഇംഗ്ലീഷ് സിനിമ കണ്ടാണ് ആദർശ് കവർച്ചാ രീതികൾ പഠിച്ചത്. എന്നാൽ,എ.ടി.എമ്മിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഇയാൾക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ആരുടേയും ശ്രദ്ധ പതിയാത്ത എളങ്കുന്നപ്പുഴയിലെ എ.ടി.എമ്മാണ് ആദർശ് കണ്ടുവച്ചിരുന്നത്. ആസൂത്രണം ചെയ്ത പ്രകാരം എല്ലാ സജ്ജീകരണവുമായി മോഷണത്തിന് എത്തി. പിന്നെ,​ ബാഗിൽ കരുതിയ കോടാലി ഉപയോഗിച്ച് എ.ടി.എമ്മിന്റെ കാഷ് ചെസ്റ്റ് ലോക്കറിലേക്ക് ആഞ്ഞുവെട്ടി. രണ്ടാമത്തെ വെട്ടിന് മുമ്പ് മോഷണം നടക്കുന്ന വിവരം മുംബയിലെ കേന്ദ്രീകൃത കൺട്രോൾ റൂമിൽ നിന്ന് ഞാറയ്ക്കൽ സി.ഐയ്ക്ക് വിവരം ലഭിച്ചു. പാഞ്ഞെത്തിയ പൊലീസ് ജീപ്പിന്റെ ലൈറ്റ് കണ്ട് ആദർശ് എ.ടി.എം കൗണ്ടറിൽ നിന്ന് ഇറങ്ങി ഓടി.

നായ്ക്കൾ വഴികാട്ടി
ഇരുട്ടിലേക്ക് ആദർശ് ഓടിമറഞ്ഞെങ്കിലും വിട്ടുകൊടുക്കാൻ പൊലീസ് തയ്യാറായില്ല. മറ്റൊരു വഴിയിലൂടെ പിന്തുടർന്നു. എന്നാൽ,​ ഏറെ നേരം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ മടങ്ങാൻ ഒരുങ്ങവെയാണ് സംശയാസ്പദമായി നായ്ക്കളുടെ നിറുത്താതെയുള്ള കുര പൊലീസിന്റെ ചെവിയിലെത്തിയത്. തുടർന്ന് പൊലീസ് നായ്ക്കളുടെ കുര പിന്തുടർന്ന് ആദർശ് പതിയിരുന്ന വീട്ടിലെത്തി. ടെറസിൽ ഒളിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വാട്ടർ ടാങ്കിൽ ഒളിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.

പണിയായത് ടാങ്കിന്റെ മൂടി
പൊലീസിന്റെ സാമീപ്യം മനസിലാക്കി ആദർശ് ആദ്യം വീടിന്റെ ടെറസിലേക്ക് കയറി. ഇവിടെ നിന്നും പൊലീസ് നീക്കം നിരീക്ഷിക്കുയായിരുന്നു. ഇതിനിടെ എസ്.ഐയും സംഘവും ടെറസിലേക്ക് കയറാൻ ഒരുങ്ങുന്നുവെന്ന് മനസിലാക്കിയ ആദർശ് വാട്ടർ ടാങ്കിൽ അഭയം പ്രാപിക്കുകയായിരുന്നു.എന്നാൽ,​ ടാങ്കിന്റെ മൂടി അടയ്ക്കാൻ മറന്നു. ടെറസിലെത്തിയ പൊലീസ് ടോർച്ച് വെട്ടത്തിൽ അരിച്ച് പെറുക്കിയെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല. വീണ്ടും മടങ്ങാൻ ഒരുങ്ങവേ മൂടി മാറിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് പൊലീസ് വാട്ടർ ടാങ്ക് പരിശോധിച്ചത്. ടാങ്കിൽ നിന്ന് പൊക്കി കൈവിലങ്ങ് അണിയിച്ച് ആദർശുമായി പൊലീസ് നേരെ സ്റ്റേഷനിലേക്ക്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ തത്ത പറയുംപോലെ മണിമണിയായി കാര്യങ്ങൾ പൊലീസിനോട് ഇയാൾ വിശദീകരിച്ചതോടെ ഒരു എ.ടി.എം കവർച്ചാ ശ്രമത്തിന്റെ ചുരുളഴിഞ്ഞു.