കൊച്ചി:ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ നെട്ടൂർ കൂട്ടുങ്കൽ അക്ഷയ് കുമാറിനെ (23) എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കളമശേരി കുസാറ്റിന് സമീപമായിരുന്നു ഫ്ളാറ്റ്. ഒരു കിലാേ 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 500 ,1000 രൂപാ നിരക്കിൽ പായ്‌ക്കറ്റുകളാക്കിയാണ് കഞ്ചാവ് വിറ്റിരുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും യുവാക്കളുമാണ് പ്രധാന ഇടപാടുകാർ. എക്സൈസ് സംഘം ഇയാളെ പിടികൂടാൻ മുമ്പും ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവസാന നിമിഷം രക്ഷപെടുകയായിരുന്നു. എറണാകുളം സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി.ശ്രീരാജ്, പ്രിവന്റീവ് ഓഫിസർ കെ.ആർ. രാം പ്രസാദ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസർ പി.എൽ. ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി.