cardinal-mar-alancherry

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദമായ സ്ഥലമിടപാട് സംബന്ധിച്ച രണ്ട് അന്വേഷണ റിപ്പോർട്ടുകൾ പരസ്യപ്പെടുത്തണമെന്ന് ഒരുവിഭാഗം വൈദികരുടെ യോഗം ആവശ്യപ്പെട്ടു. സഹായ മെത്രാന്മാരെ അരമനയിൽ നിന്ന് പുറത്താക്കിയതിൽ യോഗം പ്രതിഷേധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

അതിരൂപതയുടെ ഭരണച്ചുമതലയിൽ സീറോ മലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ വീണ്ടും നിയമിക്കുകയും സഹായ മെത്രാന്മാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവരെ മാറ്റിനിറുത്തുകയും ചെയ്തതിന് പിന്നാലെയാണ് വൈദികർ യോഗം ചേർന്നത്. കലൂർ റിന്യൂവൽ സെന്ററിൽ ചേർന്ന യോഗത്തിൽ കർദ്ദിനാളിനെ എതിർക്കുന്ന ഇരുനൂറിലറെ വൈദികർ പങ്കെടുത്തു.

സഭയിൽ രൂക്ഷമായ ഭിന്നിപ്പിന്റെയും ചേരിതിരിവിന്റെയും പ്രകടനം കൂടിയായിരുന്നു വൈദികരുടെ യോഗം. കർദ്ദിനാളിനും അദ്ദേഹത്തിന് ചുമതല വീണ്ടും നൽകിയ വത്തിക്കാനിലെ പൗരസ്ത്യ സഭകളുടെ കാര്യങ്ങൾ നോക്കുന്ന സംഘത്തിനുമെതിരെ വിമർശനം ഉയർന്നു.

കർദ്ദിനാളിന് വീണ്ടും ചുമതല നൽകിയത് ദുഃഖവും ആശങ്കയും പകരുന്ന തീരുമാനമാണ്. അതിരൂപതയിലെ വിഷയങ്ങളിൽ ശാശ്വതമായ പരിഹാരം മാർപാപ്പയിൽ നിന്ന് പ്രതീക്ഷിക്കുന്നു. സ്ഥലമിടപാടിലെ സാമ്പത്തിക ക്രമക്കേടുകൾക്കും ധാർമ്മിക അപചയത്തിനും യാതൊരു വിശദീകരണവും നൽകാതെയാണ് പഴയ സ്ഥിതിയുണ്ടാക്കിയത്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സഭാ അധികാരികളോട് വിശ്വാസികളുടെ വിധേയത്വത്തിനും വിശ്വാസത്തിനും കോട്ടം തട്ടും. അതിരൂപത പുറപ്പെടുവിക്കുന്ന സർക്കുലറുകൾ പള്ളികളിൽ വായിക്കാൻ കഴിയില്ല. അതിരൂപതയ്ക്ക് ഇടവകകൾ നൽകുന്ന തിരട്ടുഫീസ് നൽകില്ലെന്നും യോഗം മുന്നറിയിപ്പ് നൽകി.