കൊച്ചി : ജലഗതാഗത വകുപ്പിന്റെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ എറണാകുളം, വൈപ്പിൻ, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ബോട്ട് ജെട്ടികൾ ജലവിഭവ വകുപ്പ് നവീകരിക്കും. മട്ടാഞ്ചേരി ജെട്ടി ഡ്രസ്‌ജിംഗ് നടത്തി ആഴംകൂട്ടും. ആദ്യഘട്ടമായി പത്തരകോടി രൂപ ചെലവ് വരുന്ന പദ്ധതികൾക്ക് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ധനവകുപ്പിന്റെ അംഗീകാരത്തിന് സമർപ്പിക്കും. പശ്ചിമകൊച്ചിയിലെ യാത്രാത്തിരക്കു കുറക്കുന്നതിന് ബോട്ടുകൾക്ക് കഴിയും.
യാത്രാസൗകര്യങ്ങൾ കാലാനുസൃതമായി നവീകരിക്കാനും പരിഷ്കരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയത്. ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, ട്രാഫിക് സൂപ്രണ്ട് സുജിത് എം., ഇറിഗേഷൻ എൻജിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് വർക്സ് മാനേജർ ജഗദിഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നടപ്പാക്കുന്ന പദ്ധതികൾ
# വൈറ്റില ഹബ് - കാക്കനാട് റൂട്ടിൽ ചിറ്റേത്തുകര മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടു കിലോമീറ്റർ ദൂരം ഡ്രഡ്‌ജിംഗ് നടത്തി ആഴം വർദ്ധിപ്പിക്കും.
# പുതിയ ബോട്ട് ജെട്ടികളിൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും.
# പണികൾ തീരുന്ന മുറയ്ക്കു വൈറ്റിലയിൽ നിന്ന് നിലവിലുള്ള ബോട്ട് സർവീസ് ഇൻഫോപാർക്ക് വരെ നീട്ടും.
# വൈക്കത്തുനിന്ന് പുറപ്പെടുന്ന വേഗ 120 അതിവേഗ ബോട്ട് സർവീസിന് കുമ്പളത്ത് ആറു മാസത്തിനകം സ്റ്റോപ്പ് അനുവദിക്കും.
# കുമ്പളത്ത് ബോട്ട് ജെട്ടി വികസനം, ആഴം വർദ്ധിപ്പിക്കൽ എന്നീ അടിസ്ഥാനസൗകര്യങ്ങൾ വികസിക്കുന്ന മുറയ്ക്കായിരിക്കും സ്റ്റോപ്പ് അനുവദിക്കുക.
# എറണാകുളം മേഖലയിലെ ബോട്ട് സർവീസ് കാര്യക്ഷമാക്കുന്നതിന് കറ്റാമറൈൻ വിഭാഗത്തിൽപ്പെട്ട ഏഴു ബോട്ടുകൾ ഇറക്കും. ഇവയുടെ നിർമാണം പുരോഗമിക്കുകയാണ്. രണ്ടെണ്ണം മൂന്നു മാസത്തിനകം സർവീസിന് യോഗ്യമാകും.
# കൊച്ചിക്കായലിലെ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിന് ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ നിബന്ധനകൾ പാലിച്ച് ഫൈബർ ഉപയോഗിച്ച് ഇരട്ടഹള്ളിൽ ഇരട്ടഎൻജിനോട് കൂടിയാണ് നിർമ്മാണം. ഇവയ്ക്ക് എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉണ്ടാകും.
ആകെ ചെലവ് : 10.50 കോടി
പുതിയ ബോട്ടുകൾ : 7
പശ്ചിമകൊച്ചിക്ക് പ്രത്യേക പരിഗണന
വേഗ ബോട്ടിന് കുമ്പളത്ത് സ്റ്റോപ്പ്