mla-file
മൂവാറ്റുപുഴ ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർവേ നടപടികൾ ആരംഭിച്ചപ്പോൾ

മൂവാറ്റുപുഴ: ബൈപാസ് നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർവേക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം. 10വർഷം മുമ്പ് സ്ഥലമളന്ന് തിട്ടപ്പെടുത്തി സ്ഥാപിച്ച സർവേക്കല്ലുകളിൽ പലതും അപ്രത്യക്ഷമായ സ്ഥലങ്ങളിൽ പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുന:സ്ഥാപിക്കുന്നത്. കാക്കനാട് എൽ.എ ഡെപ്യൂട്ടി തഹസിൽദാർ എ. മനോജ്, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ സി.എം. സത്യൻ, അസിസ്റ്റന്റ് എൻജിനിയർ എം. എ. സജിത്ത്, സർവേയർമാരായ വി. ജിംന, ജോൺ വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.

മൂവാറ്റുപുഴ ബൈപാസ് നിർമ്മാണം ചുവപ്പുനാടയിൽ കുടുങ്ങി അനന്തമായി നീണ്ടുപോകുകയും ബൈപാസ് സ്വപ്നമായി മാറുകയും ചെയ്തതോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എൽദോ എബ്രഹാം എം.എൽ.എ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായിട്ട് പ്രവർത്തനങ്ങൾക്ക് വേഗം വർദ്ധിച്ചത്.

മൂവാറ്റുപുഴ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയാറിന് കുറുകെ മുറിക്കല്ലിൽ പാലത്തിന്റെ നിർമ്മാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലേയ്ക്കുമുള്ള റോഡിന്റെ നിർമാണമാണ് ഇനി പൂർത്തിയാക്കാനുള്ളത്. അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കുമായി 50 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. പാലത്തിന്റെ ഒരു വശത്ത് വെള്ളൂർകുന്നം വില്ലേജിന്റെ പരിധിയിൽ വരുന്ന 400 മീറ്റർ സ്ഥലമെടുപ്പ് പൂർത്തിയായി. ഇവിടെ ഒരാളുടെ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. പാലത്തിന്റെ മറുവശം മാറാടി വില്ലേജിന്റെ അധീനതയിലാണ്. 130 കവല മുതൽ പാലം വരെ 1.6 കിലോമീറ്റർ ദൂരമാണുള്ളത്. 1.26 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം. മൂവാറ്റുപുഴ ബൈപാസ് നിർമ്മാണത്തിനായി ഭൂമി പരിവർത്തനം ചെയ്യുന്നതിന് പ്രാദേശിക ഭൂമി പരിവർത്തന കമ്മിറ്റി തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന പരിവർത്തന കമ്മിറ്റിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തെ പ്രധാന പ്രൊജക്ടുകൾക്ക് ഭൂമി പരിവർത്തനം ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകുന്നതിന് പുതിയ തണ്ണീർത്തട നിയമത്തിൽ അനുശാസിക്കുന്നുണ്ട്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ കടാതിയിൽ നിന്നാരംഭിച്ച് എംസി റോഡിൽ 130 ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് നിർദ്ദിഷ്ട ബൈപാസ്.