മൂവാറ്റുപുഴ : തേനി ഹൈവേയിൽ രണ്ടാർ ടവർ ജംഗ്ഷനിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ ടോറസ് ലോറി വൈദ്യുത പോസ്റ്റ് ഇടിച്ച് തകർത്തു. പാറമടയിൽ കല്ല് കയറ്റാൻ പോകുന്നതിനിടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം. പോസ്റ്റ് വട്ടം ഒടിഞ്ഞതോടെ പ്രദേശത്ത് വൈദ്യുതിയും നിലച്ചു. വിദ്യാർത്ഥികളടക്കം നിരവധി പേർ നടന്ന് പോകുന്ന റോഡിൽ ഇന്നലെ രാവിലെ 8.30 ഓടെ ആയിരുന്നു അപകടം. തലനാരിഴയ്ക്കാണ് ആളുകൾ രക്ഷപെട്ടത്. ഇതോടെ ഗതാഗതവും തടസപ്പെട്ടു.
രണ്ടാർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
രാവിലെയും വൈകുന്നേരവും സ്‌കൂൾ സമയങ്ങളിൽ ടോറസ് ലോറികളടക്കമുള്ള ഭാരവണ്ടികൾ സർവീസ് നടത്തരുതെന്ന നിയമം കാറ്റിൽ പറത്തിയാണ് ഇവിടെ ലോറികൾ ചീറിപ്പായുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ദിവസവും ഉണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. സ്‌കൂൾ സമയങ്ങളിൽ വരുന്ന ടിപ്പർ ലോറികൾ തടയുമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.