കൊച്ചി: ബ്രഹ്മപുരത്തെ ജൈവമാലിന്യം ഇനി കൊച്ചി മെട്രോയ്ക്ക് വളമാകും. മെട്രോ മീഡിയനിലെ അലങ്കാരചെടികൾക്ക് വളമാക്കുന്നതിന് പ്ളാന്റിൽ കെട്ടിക്കിടക്കുന്ന കമ്പോസ്റ്റ് ഉപയോഗിക്കാനാണ് നീക്കം. കഴിഞ്ഞയാഴ്ച ചേർന്ന നഗരസഭ ആരോഗ്യ സ്ഥിരം സമിതി ഇതു സംബന്ധിച്ച ശുപാർശ കൗൺസിലിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു. അടുത്ത കൗൺസലിൽ ഇക്കാര്യം തീരുമാനിക്കും.

ചെടികൾ വച്ചുപിടിപ്പിക്കാൻ ആലോചിച്ച കാലത്ത് മെട്രോ അധികൃതർ ജൈവമാലിന്യത്തിനായി കോർപ്പറേഷനെ സമീപിച്ചിരുന്നു. അന്ന് ഇത് നിഷേധിച്ചു.

ആധുനിക പ്ളാന്റിന്റെ നിർമ്മാണം നീളുന്ന സാഹചര്യത്തിലാണ് ബദൽ വഴികൾ തേടാൻ നിർബന്ധിതരായതെന്ന് എൽ.ഡി.എഫ് കൗൺസിലറും ആരോഗ്യ സ്ഥിരസമിതി അദ്ധ്യക്ഷയുമായ പ്രതിഭ അൻസാരി പറഞ്ഞു.

# ഒഴിവാകുന്നത് കെട്ടിക്കിടക്കുന്ന മാലിന്യം

പ്ളാന്റിലും പരിസരത്തുമായി അവശേഷിക്കുന്ന മാലിന്യങ്ങളും കമ്പോസ്റ്റുമാണ് മീഡിയനിലെ അലങ്കാര ചെടികൾക്ക് വളമാകുന്നത്. ഇത് 90,000 ടണ്ണോളം വരും. ജനുവരിയിൽ പ്ളാന്റ് സന്ദർശിച്ച ഹരിത ട്രിബ്യൂണൽ സമിതി ഇത് എന്തെങ്കിലും ചെയ്യണമെന്ന് നിർദേശം നൽകിയതും വഴിമാറി ചിന്തിക്കാൻ ആരോഗ്യ സമിതിയെ പ്രേരിപ്പിച്ചു

# മാലിന്യം അടിത്തറയാകും

ആലുവ മുതൽ പേട്ട വരെ 1500 മീഡിയനുകളുണ്ട്.

ഒരു മീഡിയനിലെ ചെടികൾക്ക് വളമാക്കാൻ 10,000 കിലോ വളം ആവശ്യമുണ്ട്

പ്ളാന്റിലെ മാലിന്യങ്ങൾ നേരെ മീഡിയനിലെത്തിച്ച് കുഴിച്ചുമൂടും

ദുർഗന്ധം ഒഴിവാക്കാനായി രാസവസ്തുക്കൾ ചേർക്കും

15 - 20 ദിവസം കഴിയുമ്പോൾ ഇത് നടീൽവസ്തുവാകും

ഇതിന് മീതേ ചെടികൾ വച്ചുപിടിപ്പിക്കും

ആറു മാസം കഴിഞ്ഞാൽ വീണ്ടും കമ്പോസ്റ്റ് നിറയ്ക്കും.

# ഒരു വെടിക്ക് രണ്ടു പക്ഷി

ജൈവമാലിന്യത്തിന്റെ അഭാവത്തിൽ ആലുവ മുതൽ കലൂർ വരെ മീഡിയനുകളിൽ അലങ്കാര ചെടി വളർത്താൻ മണ്ണാണ് ഉപയോഗിച്ചത്. ഒരു മീഡിയനിൽ രണ്ട് ട്രക്ക് മണ്ണ് വേണ്ടിവന്നു. ഇതിനായി കുന്നുകൾ ഇടിച്ചുനിരത്തി.

പത്മയ്ക്ക് സമീപമുള്ള മീഡിയനിൽ അപ്പാർട്ട്മെന്റിലെ ജൈവമാലിന്യങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചത് ആത്മവിശ്വാസം വർദ്ധിപ്പിച്ചതായി പദ്ധതി ഏറ്റെടുത്തിരിക്കുന്ന പെലിക്കൻ ബയോടെക് ആൻഡ് കെമിക്കൽ ലാബ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി.എൻ.മനോജ് പറഞ്ഞു.

# മാലിന്യത്തിന് വിലയുണ്ട്

ബ്രഹ്മപുരത്തു നിന്ന് മാലിന്യം എത്തിക്കുന്നതിന് കിലോയ്ക്ക് 2.20 രൂപ എന്ന നിരക്കിൽ കോർപ്പറേഷൻ സ്വകാര്യ ഏജൻസിക്ക് നൽകണം.