കൊച്ചി: എരിവു പോലെ കാന്താരി മുളകിന്റെ വിലയും സർവകാല റെക്കാഡിൽ. എറണാകുളം, തിരുവനന്തപുരം, കോട്ടയം വിപണികളിൽ ഒരു കിലോ കാന്താരിക്ക് വില 2000 രൂപ! കഴിഞ്ഞ വർഷം ഇതേസമയം 800 രൂപയായിരുന്നു വില. 1200 രൂപയായിരുന്നു ഇതിനു മുമ്പത്തെ റെക്കാഡ്. ജൈവ ഉത്പന്നങ്ങൾ വിൽക്കുന്ന കടകളും ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളുമാണ് പ്രധാന ആവശ്യക്കാർ. കൊളസ്ട്രോൾ കുറയ്‌ക്കുമെന്നു പറഞ്ഞ് മലയാളികളുടെ കാന്താരി ഉപയോഗവും വർദ്ധിച്ചു. ഗൾഫ് രാജ്യങ്ങളിലും പ്രിയമേറിയതാണ് വിലവർദ്ധനയ്‌ക്കുള്ള മറ്റൊരു കാരണം. വില റെക്കാഡാണെങ്കിലും കേരളത്തിൽ കാന്താരി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നില്ല. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ചെറിയ തോതിൽ കൃഷിയുണ്ട്. ചില കുടുംബശ്രീക്കാർ കൃഷിചെയ്‌ത് സ്വന്തം സ്റ്റാളുകളിലൂടെയും വിൽക്കുന്നുണ്ട്. പ്രധാനമായും തമിഴ്നാട്, കർണാടക മുളകാണ് കേരളവിപണിലെത്തുക.