അങ്കമാലി. നിയോജകമണ്ഡലത്തിലെ വിവിധ ജലസേചന പദ്ധതികൾക്ക് തുക അനുവദിക്കാൻ സർക്കാരിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. അങ്കമാലി നഗരസഭാപ്രദേശത്ത് പാലിയേക്കര ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമിന് 45 ലക്ഷം രൂപയുടേയും, കറുകുറ്റി പഞ്ചായത്തിൽ കുണ്ടോപാടം കുളത്തിന്റെ നവീകരണത്തിന് 32 ലക്ഷം രൂപയുടെ പദ്ധതിയും, പൂവത്തുശേരിയിൽ ചാലക്കുടി പുഴയിലെ പുലിമുട്ടുകൾ നവീകരിക്കാൻ 20 ലക്ഷത്തിന്റെ പദ്ധതിയും, ദൈവത്താംപടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കുമുള്ള നിർദ്ദേശങ്ങൾ ആണ് സമർപ്പിച്ചത്. ജലസേചന വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്‌തെന്നും പ്രസ്തുത പദ്ധതികൾക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.