കൊച്ചി: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ ശ്യാമളയ്ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തണമെന്നും ഇടുക്കി ഉരുട്ടിക്കൊലക്കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്‌മ നടത്തും. ഈമാസം അഞ്ചിന് രാവിലെ 10 ന് മേനക ജംഗ്ഷനിലാണ് പ്രതിഷേധ കൂട്ടായ്മ.
ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ 15 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കും.വോട്ടർ പട്ടികയിൽനിന്ന് അകാരണമായി വോട്ടുകൾ നീക്കം ചെയ്തതിനെതിരെ കെ.പി.സി.സി നിയോഗിച്ച കെ.സി. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി 11 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ തെളിവെടുക്കും. രാവിലെ 11ന് ആരംഭിക്കുന്ന തെളിവെടുപ്പിൽ പൊതുജനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും പരാതി സ്വീകരിക്കും.

മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അദ്ധ്യക്ഷനായി. നേതാക്കളായ ലാലി വിൻസെന്റ്, അബ്ദുൾ മുത്തലിബ്, ജയ്‌സൺ ജോസഫ്, കെ.കെ. വിജയലക്ഷ്മി, ടി.എം. സക്കീർ ഹുസൈൻ, കെ.പി. ഹരിദാസ്, പി.ജെ. ജോയ്, കെ.ബി. മുഹമ്മദ് കുട്ടി, ടി.വൈ. യൂസഫ്, എം.എ. ചന്ദ്രശേഖരൻ, എൻ.പി. പൗലോസ്, കെ. ശിവശങ്കരൻ എന്നിവർ സംസാരിച്ചു. പി.എൻ. ഉണ്ണികൃഷ്ണൻ സ്വാഗതവും ചന്ദ്രശേഖര വാര്യർ നന്ദിയും പറഞ്ഞു.