കൊച്ചി : ഹരിതഭംഗി നിലനിറുത്തി അത്യാധുനിക സൗകര്യങ്ങളോടെ വൈറ്റില മൊബിലിറ്റി ഹബ് രണ്ടാം ഘട്ട വികസനത്തിന്സർക്കാരിന്റെ പച്ചക്കൊടി.
മോടിപിടിപ്പിക്കൽ ജോലികൾ സെപ്റ്റംബർ രണ്ടാം വാരം ആരംഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അമൃത മിഷൻ ഡയറക്ടറും വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറുമായ ആർ.ഗിരിജ തന്നെയാകും ഇതും നേതൃത്വം നൽകുക.
രണ്ടാംഘട്ട വികസനത്തിന് എസ്റ്റിമേറ്റ് തുകയുടെ പത്ത് ശതമാനം കൂട്ടിനൽകണമെന്ന കെ.എം.ആർ.എല്ലിന്റെ നിർദ്ദേശത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി.
മെച്ചപ്പെുത്തുന്ന സൗകര്യങ്ങൾ
വൈറ്റില ജംഗ്ഷനിൽ നിന്ന് ഹബിലേക്ക് പ്രവേശിക്കുന്ന റോഡ് നവീകരിക്കും.
ടോയ്‌ലറ്റ് സൗകര്യങ്ങൾ ആധുനിക സൗകര്യങ്ങളോടെ മെച്ചപ്പെടുത്തും. സ്തീകൾക്ക് കൂടുതൽ സൗകര്യങ്ങൾ.
ടോയ്‌ലറ്റ് ബ്ളോക്കുകളിൽ മദ്യപാനം തടയാൻ നിരീക്ഷണം കൂടുതൽ ശക്തമാക്കും. കൂടുതൽ ക്യാമറകൾ ഘടിപ്പിക്കും. സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കും.
കാക്കനാട് - വെറ്റില ജലമെട്രോ ജനകീയമാക്കും. ചുരുക്കം ആളുകൾ മാത്രമേ ഇത് പ്രയോജനപ്പെടുത്തുന്നുള്ളു.
കുണ്ടും കുഴികളുമായി കിടക്കുന്ന ഹബിലെ ബസ് ബേകൾ മെച്ചപ്പെടുത്തും.
രണ്ടാം ഘട്ടത്തിൽ സമഗ്ര വികസനം
നിലവിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തിയതിനു ശേഷമായിരിക്കും രണ്ടാം ഘട്ട വികസനത്തിലേക്കു കടക്കുക. ഐ.പി.ഇ. ഗ്ലോബലാണ് കൺസൾട്ടൻസി.
കൊച്ചിയുടെ ഗതാഗതകേന്ദ്രം
കൊച്ചി നഗരത്തിന്റെ ഗതാഗത സംവിധാനങ്ങളുടെ കേന്ദ്രമായി വൈറ്റില ഹബ് മാറും. സെപ്തംബറിൽ കൊച്ചി മെട്രോ വൈറ്റിലയിലെത്തും. സ്റ്റേഷൻ നിർമ്മാണം അന്തിമഘട്ടത്തിലാണ്. മെട്രോയിലെ ഏറ്റവും വലുതും വിപുലവുമായ സ്റ്റേഷനാണ് വൈറ്റില.
ജല മെട്രോയിലുൾപ്പെടുത്തി ടെർമിനൽ നവീകരിക്കുന്നതോടെ കാക്കനാട്ടേയ്ക്കുൾപ്പെടെ കൂടുതൽ ബോട്ട് സർവീസുകൾ ഹബിൽ നിന്നാരംഭിക്കും.
ഹബിനോട് ചേർന്ന് റെയിൽവെ സ്റ്റേഷനും നിർമ്മിക്കാൻ സാദ്ധ്യതാപഠനവും റെയിൽവെ ആരംഭിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകളുടെ കേന്ദ്രമായും ഹബ് മാറും.