കൊച്ചി: അഭിമന്യു കൊലക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്‌.യു മഹാരാജാസ് കോളജ് കവാടത്തിൽ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ സംഘർഷം. എസ്എഫ്‌ഐ പ്രകടനം നടത്തുന്നതിനാൽ കെ.എസ്‌.യു പ്രവർത്തകരോട് സ്ഥലത്ത് നിന്നും മാറാൻ പൊലീസ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. കേസിലെ പ്രതികളെ എല്ലാവരെയും പിടികൂടണമെന്നാവശ്യപ്പെട്ട് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് പ്രിയയുടെ നേതൃത്വത്തിലായിരുന്നു കെ.എസ്.യു പ്രവർത്തകർ ഏകദിന സത്യാഗ്രഹം തുടങ്ങിയത്. കോളജ് സെൻട്രൽ സർക്കിളിൽ നിന്ന് പ്രകടനമായി എത്തിയാണ് വിദ്യാർത്ഥികൾ കോളേജ് കവാടത്തിൽ ഏകദിന സത്യാഗ്രഹം ആരംഭിച്ചത്. പൊലീസ് നിലപാടിനെതിരേ കെ.എസ്‌.യു പ്രവർത്തകരും നേതാക്കളും പ്രതിഷേധിച്ചതോടെ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

കെ എസ് യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മുൻ ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി, കെ സേതു രാജ്, സംസ്ഥാന സെക്രട്ടറി മാരായ എ എ അജ്മൽ ,പി എച്ച് അസ്‌ലം , നേതാക്കളായ ,വിവേക് ഹരിദാസ് ,ജിബിൻ പയ്യന്നൂർ ,കൃഷ്ണ ലാൽ ,ടെക്‌സൺ തോമസ് ,അഞ്ജന ശ്രീകുമാർ ,ഗംഗ രാജേന്ദ്രൻ ,ബുഷ്‌റ അൻസാരി ,സൂരജ് സി ആർ ,നിതീഷ് ടി ബാലൻ ,മുഹമ്മദ് അജാസ് ,മുഹമ്മദ് സാദിഖ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.