മൂവാറ്റുപുഴ: മൂവാറ്റുപുഴ - വാഴക്കുളം റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് 10കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. പി.ഒ.ജംഗ്ഷൻ മുതൽ വാഴക്കുളം അച്ചൻകവല വരെയുള്ള ഭാഗത്തെ റോഡ് നവീകരണത്തിനാണ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്. വർഷങ്ങൾക്ക് മുമ്പ് ബി.എം ബി.സി നിലവാരത്തിൽ ടാർചെയ്ത റോഡിന്റെ പലഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ നിത്യ സംഭവമായിരുന്നു. റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് എം.എൽ.എ നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി. റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യും. റിഫ്ളക്‌സ് ലൈറ്റുകളും മുന്നറിയിപ്പ് ബോർഡുകളും സീബ്രാലൈനുകളും സ്ഥാപിക്കും. റോഡിൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഓടകളും കോൺക്രീറ്റിംഗും അടക്കമുള്ള ജോലികൾ പൂർത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.