കാലടി : നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്തെ ‌ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തുറവുംകരയിലെ ഗതാഗത ക്ലേശത്തിന് അറുതിവരുത്തണമെന്ന് യൂസഫ് സ്മാരക വായനശാല വാർഷിക പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു. എയർപോർട്ടിന്റെ വരവോടെ പ്രധാന വഴികളെല്ലാം മുറിഞ്ഞുപോയതുമൂലം നാട്ടുകാർ ദുരിതത്തിണ്. നിലവിലുണ്ടായിരുന്ന പൊതു ഗതാഗത മാർഗ്ഗങ്ങൾ ഇല്ലാതായതോടെ നാട്ടുകാർ നിരവധി പ്രതിഷേധങ്ങളും, സമരങ്ങളും നടത്തി.എന്നാൽ നിർദ്ദിഷ്ഠ വല്ലം കടവ് പാലം പണി പൂർത്തീകരിച്ചാൽ വാഹനങ്ങൾക്ക് കാലടി ടൗണിൽ പ്രവേശിക്കാതെ പ്രധാന ബൈപാസ് വഴിയിലൂടെ സഞ്ചരിച്ച് പെരുമ്പാവൂരിൽ എത്തിച്ചേരാൻ കഴിയും. ചെങ്ങൽ - തുറവുംകര പാറപ്പുറം റോഡിന്റെ വീതി കൂട്ടി വളവുകൾ നിവർത്തി ഗതാഗതയോഗ്യമാക്കണമെന്ന് പൊതുയോഗം ആവശ്യപ്പെട്ടു. ലൈബ്രറി ഹാളിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് പി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.