kerala-highcourt

കൊച്ചി : കൺസെഷനിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെ ജീവനക്കാർ ബസിൽ കയറാനും ഒഴിവുള്ള സീറ്റുകളിൽ ഇരിക്കാനും അനുവദിക്കുന്നുണ്ടെന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥരും പൊലീസും ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സ്വകാര്യ ബസുകളിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിലും വിദ്യാർത്ഥികളെ ഇരിക്കാൻ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന വാർത്താചിത്രം ഫെബ്രുവരി ഒന്നിന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. കൺസെഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ബസ് ഒാപ്പറേറ്റേഴ്സ് ഒാർഗനൈസേഷൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇൗ ചിത്രം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിഷയം പരിഗണിക്കുന്ന ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ ബെഞ്ചാണ് വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചത്. തൃശൂർ - ചാത്തക്കുടം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന വിവേചനം വ്യക്തമാക്കുന്നതായിരുന്നു വാർത്താചിത്രം.

മറ്റു നിർദ്ദേശങ്ങൾ

കൺസെഷന്റെ പേരിൽ വിദ്യാർത്ഥികളോടു വിവേചനമില്ലെന്ന് ഉറപ്പിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർക്കു കീഴിലെ എൻഫോഴ്സ്‌മെന്റ് ഒാഫീസർമാരും പൊലീസും രഹസ്യ പരിശോധന നടത്തണം. സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും കുട്ടികളെ ബസിൽ കയറ്റാത്ത സാഹചര്യമുണ്ടോയെന്ന് കണ്ടെത്താൻ സ്കൂൾ സമയങ്ങളിൽ പരിശോധന നടത്തണം. ഇത്തരം സംഭവമുണ്ടായാൽ ജീവനക്കാർക്കെതിരെ നിയമ നടപടിയെടുക്കണം. യാത്രക്കാർക്ക് സുരക്ഷിതയാത്ര ഉറപ്പാക്കണം. മോട്ടോർ വാഹനങ്ങൾക്കുള്ള ഡ്രൈവിംഗ് റെഗുലേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സർക്കാർ അഭിഭാഷകന് വിശദീകരണ പത്രിക നൽകാൻ മൂന്നാഴ്ച സമയം അനുവദിച്ച് ഹർജി മാറ്റി.