ഇടപ്പള്ളി:വൈപ്പിനിൽ കഴിഞ്ഞ ആഴ്ച ദിവസങ്ങൾ കുടിവെള്ളം മുടങ്ങിയ പ്രശ്നത്തിന് ശാശ്വത പരിഹാരമായി രണ്ടര കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. പേരണ്ടൂരിലെ റെയിൽവേ ലൈനിടിയിലൂടെയുള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതാണ് പദ്ധതി. പകരം ഗണേശ് കലാമണി റോഡിലൂടെയാണ് 670 മീറ്റർ പൈപ്പ് ലൈൻ കടന്നു പോവുക. ഇത് റെയിൽവേ പാലത്തിനടിയിലൂടെ പേരണ്ടൂർ കനാൽ റോഡ് വഴി മറുഭാഗത്തെത്തും .കോൺക്രീറ്റ് കട്ടകൾ പാകി അതിനു മുകളിൽ 800 എം .എം ഡി .ഐ പൈപ്പുകളാണ് സ്ഥാപിക്കുന്നത്.
ആലുവയിൽ നിന്നുള്ള വെള്ളം വടുതല സംഭരണിയിൽ എത്തിച്ച് എളങ്കുന്നപ്പുഴ ,ഞാറക്കൽ ,വൈപ്പിൻ ,നായരമ്പലം, മുളവുകാട് ,ചേരാനല്ലൂർ ,വടുതല ഭാഗങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. ഇപ്പോൾ പേരണ്ടൂർ കനാൽ ഭാഗത്തു നിന്നും റെയിൽവേ പാളത്തിനടിയിലൂടെയുള്ള തുരങ്കം വഴിയാണ് പൈപ്പ് ലൈൻ. തുരങ്കിലെ ചോർച്ച പരിഹരിക്കാൻ ആറുദിവസത്തോളം വൈപ്പിൻ മേഖലയിൽ കുടിവെള്ളം മുടങ്ങി.
പൈപ്പ് ലൈൻ കടന്നു പോവുന്നത് റോഡിലൂടെ മാത്രം ആയതിനാൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഉടനടി പരിഹരിക്കാൻ കഴിയും
പി.ഗിരീശൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ
പദ്ധതി തുടങ്ങിയത് 2013ൽ
റെയിൽ പാളത്തിന് അടിയിലൂടെയുള്ള പൈപ്പ് മാറ്റി സ്ഥാപിക്കാൻ ശ്രമം തുടങ്ങിയത് 2013ലാണ്. അഞ്ചു വർഷത്തോളം പൊടിപിടിച്ചു കിടന്ന പദ്ധതി വീണ്ടും ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി .ഗിരീശന്റെ നേതൃത്വത്തിൽ
പൊക്കിയെടുക്കുകയായിരുന്നു. വടുതല സംഭരണിയിൽ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറയുന്നത് വിതരണത്തിനെ ബാധിച്ചതോടെയാണ് ഇത്
വേണ്ടിവന്നത്. തുരങ്കത്തിലെ ചോർച്ച കണ്ടെത്തിയെങ്കിലും ഇതിനുള്ളിൽ കടന്നു അറ്റകുറ്റ പണികൾ തീർക്കാൻ കഴിയുമായിരുന്നില്ല.