കൊച്ചി : പുരാതനമായ പിറവം വലിയപള്ളി, കോതമംഗലം ചെറിയപള്ളി എന്നിവ ഉൾപ്പെടെ മുപ്പതിലേറെ പള്ളികളെ ബാധിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി. പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിന് ലഭിക്കുന്ന വിധി യാക്കോബായ വിഭാഗം അംഗീകരിക്കുന്നില്ല.
പതിറ്റാണ്ടുകളായി നീളുന്നതാണ് മലങ്കരസഭയിലെ ഓർത്തഡോക്സ് - യാക്കോബായ തർക്കം. ഭിന്നിച്ചുനിന്നവർ രണ്ടു സഭകളായതോടെ പള്ളികൾ പിടിച്ചെടുക്കാനായി ശ്രമം. കേസുകൾ സുപ്രീംകോടതിയിലെത്തി.
സഭയുടെ പ്രവർത്തനം സംബന്ധിച്ച ഭരണഘടന ഉണ്ടോയെന്ന് കോടതി ചോദിച്ചു. 1934 ൽ തങ്ങൾ തയ്യാറാക്കിയ ഭരണഘടന പ്രകാരമാണ് പ്രവർത്തനമെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു. യാക്കോബായ അന്ന് ഭരണഘടന തയ്യാറാക്കിയിരുന്നില്ല. തുടർന്നാണ് സഭയുടെയും പള്ളികളുടെയും ഭരണത്തിന് 1934 ലെ ഭരണഘടനയാണ് അടിസ്ഥാനമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇത് യാക്കോബായ അംഗീകരിക്കുന്നില്ല. 2002 ലാണ് യാക്കോബായ ഭരണഘടന തയ്യാറാക്കിയത്. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിലുൾപ്പെടെ കേസുകൾ നിലനിൽക്കുന്നതിനാൽ ഇപ്പോഴത്തെ വിധി സ്വീകാര്യമല്ലെന്ന് അവർ പറയുന്നു.
സുപ്രീംകോടതി വിധിപ്രകാരം പള്ളികൾ കൈമാറുന്നില്ലെന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ ഹർജിയിലാണ് ഇന്നലെ വീണ്ടും ഉത്തരവിട്ടത്. പിറവം, കോതമംഗലം, വരിക്കോലി തുടങ്ങിയ പള്ളികൾ വിട്ടുകിട്ടാനുള്ള ഓർത്തഡോക്സ് ശ്രമം സംഘർഷമുണ്ടാക്കിരുന്നു. ആത്മാഹുതി ഭീഷണി വരെ പ്രയോഗിച്ചാണ് പിറവത്ത് യാക്കോബായക്കാർ വിധി നടപ്പാക്കുന്നത് തടഞ്ഞത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാരും പിന്മാറിയിരുന്നു.