march
ചൂണ്ടി മേഖലയിലെ വ്യാപകമായ ലഹരി മരുന്ന് വിപണനത്തിനും ഉപയോഗത്തിനുമെതിരെ നാട്ടുകാർ നടത്തിയ ജനകീയ മാർച്ച്

ആലുവ: ചൂണ്ടി മേഖലയിലെ വ്യാപകമായ ലഹരി മരുന്ന് വിപണനത്തിനും ഉപയോഗത്തിനുമെതിരെ നാട്ടുകാർ ജനകീയ മാർച്ച് നടത്തി. കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് കഞ്ചാവും എൽ.ഡി.എസ് സ്റ്റാമ്പും ഉൾപ്പെടെ ഉപയോഗിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നത്. മാത്രമല്ല, നാട്ടുകാരായ യുവതലമുറയെ വഴി തെറ്റിക്കാനും ഇതേ സംഘം ശ്രമിക്കുന്നുണ്ട്.

ലഹരി കച്ചവടത്തിനെതിരെ താക്കീത് ചെയ്ത നാട്ടുകാരെ സംഘം ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ അറിയിച്ചു. ചൂണ്ടി കവലയിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. നേരത്തെ പെരിയാർവാലി കനാൽ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നവരെ തുരുത്തിയോടിച്ച ഗ്രാമമാണ് ചൂണ്ടി. ഇവിടെയിപ്പോൾ പുറമെ നിന്നുള്ള ചില കോളേജ് വിദ്യാർത്ഥികലാണ് കഞ്ചാവ് വിൽപ്പനക്കെത്തുന്നത്. സമീപത്തെ കോളേജിലെ വിദ്യാർത്ഥികളെയും വഴിതെറ്റിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് സമരക്കാർ ആരോപിച്ചു.

എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ജോൺസൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അസ്ളഫ് പാറേക്കാടൻ, ബ്ളോക്ക് അംഗം എം.എ. അബ്ദുൾ ഖാദർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പൗളി ജോണി, എൽസി ജോസഫ്, എം.പി. അബ്ദു, എം.എം. സാജു, കെ.കെ. അജിത്ത് കുമാർ, കെ.എ. ജോയി എന്നിവർ സംസാരിച്ചു.