കൊച്ചി: നഗരങ്ങളിലെ ക്ഷീരകർഷകരെയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. പിറവം നഗരസഭയിലാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കുന്നത്. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവും കാലിത്തീറ്റ വില വർദ്ധനയും പശു, എരുമ വളർത്തലിൽ നിന്ന് ക്ഷീരകർഷകരെ പിന്തിരിപ്പിക്കുന്ന സാഹചര്യത്തിലാണ് നടപടി. 86 നഗരസഭകളിലേക്കും ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കും. തീരുമാനം ഇങ്ങനെ നേരത്തെ പിറവം നഗരസഭാ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഐകകണ്ഠ്യേന അംഗീകരിച്ചതാണ്. തുടർന്ന് വിഷയം തൊഴിലുറപ്പു പദ്ധതിയുടെ സംസ്ഥാനതല ടെക്‌നിക്കൽ കമ്മിറ്റിയിൽ ചെയർമെൻസ് ചേംബർ സെക്രട്ടറി കൂടിയായ നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് അവതരിപ്പിച്ചു. തുടർന്നാണ് മന്ത്രി എ.സി. മൊയ്‌തീൻ ഉത്തരവിറക്കിയത്. നേട്ടങ്ങൾ  ഒരു ക്ഷീരകർഷകന് 100 തൊഴിൽ ദിനങ്ങൾ ലഭിക്കും.  ദിവസം 278 രൂപ വീതം വർഷം 27,800 രൂപ അക്കൗണ്ടിലെത്തും. വേണ്ട രേഖകൾ  രണ്ട് പശുക്കളെ / എരുമകളെ വളർത്തുന്നുണ്ടെന്ന വെറ്ററിനറി സർജന്റെ സാക്ഷ്യപത്രം  ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്  സംഘത്തിൽ പ്രതിദിനം 10 ലിറ്ററിൽ കുറയാതെ പാൽ അളക്കുന്നതിന്റെ പാസ് ബുക്ക്  പാൽ അളക്കുന്ന ദിവസങ്ങൾ മാത്രമേ പദ്ധതിയിൽ പരിഗണിക്കൂ 'നഗരസഭാംഗങ്ങൾ ഒറ്റക്കെട്ടായി നിന്നാണ് പദ്ധതി നേടിയെടുക്കുന്നതിനായി പരിശ്രമിച്ചത്. ചെയർമെൻസ് ചേംബർ സെക്രട്ടറിയെന്ന നിലയിൽ മറ്റ് നഗരസഭകളെക്കൂടി ഇതിൽ ഉൾപ്പെടുത്തുന്നതിന് ശ്രമിക്കും". - സാബു കെ. ജേക്കബ്, നഗരസഭാ ചെയർമാൻ