കൊച്ചി : പ്രിയപ്പെട്ട കൂട്ടുകാരൻ അഭിമന്യുവിന്റെ ഓർമ്മയിൽ വിതുമ്പുകയായിരുന്നു മഹാരാജാസ് കോളേജും വിദ്യാർത്ഥികളും. നേരിൽ കണ്ടിട്ടില്ലാത്തവർ അവനെ അനുസ്മരിക്കാൻ നഗരത്തിൽ ഒത്തുചേർന്നു. മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ - കാമ്പസ് ഫ്രണ്ട് സംഘർഷത്തിൽ മരണമടഞ്ഞവിദ്യാർത്ഥി അഭിമന്യുവിന്റെ ഒന്നാം ചരമവാർഷികമായിരുന്നു ഇന്നലെ.
മരണത്തിന് ശേഷം മാത്രം അഭിമന്യുവിനെ അറിഞ്ഞവർ പോലും ഇന്നലെ അവന്റെ ഓർമ്മയ്ക്ക് മുന്നിൽ ഒത്തുകൂടി. കോളേജിന് പുറത്തും അകത്തും അഭിമന്യുവിന്റെ അനുസ്മരണം നടക്കുമ്പോൾ കോളേജിന് ചുറ്റും പൊലീസ് കാവലുറപ്പിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായിരുന്നു പൊലീസിന്റെ നടപടി. പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
എറണാകുളം മറൈൻഡ്രൈവ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ വിദ്യാർത്ഥി മാർച്ചിൽനൂറുകണക്കിന് പേർ പങ്കെടുത്തു. അഭിമന്യുവിന്റെ മുഖം പതിച്ച പതാകകളേന്തി വർഗീയത തുലയട്ടെ എന്നെഴുതിയ ബാനറുകൾ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം ഉറക്കെ വിളിച്ച് വിദ്യാർത്ഥികൾ കോളേജിലേക്ക് നടന്നു.
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ്, സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ് എന്നിവർ മഹാരാജാസിലെ അഭിമന്യു രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് വിദ്യാർഥികൾ അഭിമന്യൂ സ്തൂപത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സി.എസ്. അമൽ, പ്രസിഡന്റ് അമൽ ജോസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഭക്ഷണവും പുസ്തകവും നൽകി എൻ.എസ്.എസ്
അഭിമന്യു അനുസ്മരണയോഗങ്ങളിൽ മകന്റെ ജീവസുറ്റ ചിത്രങ്ങൾ കണ്ട് കണ്ണീരടക്കാൻ അമ്മ ഭൂപതിക്കായില്ല. ഒരുവർഷം മുമ്പാണ് മകന്റെ ജീവനറ്റ ശരീരം ചേർത്തുപിടിച്ച് നാൻ പെറ്റ മകനേ എന്ന് ആർത്ത് ആ അമ്മ കരഞ്ഞത്. അഭിമന്യുവിന് സ്മാരകമായി കലൂർ കതൃക്കടവിൽ നിർമിക്കുന്ന സ്റ്റഡി സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് വട്ടവടയിൽ നിന്നെത്തിയ മാതാപിതാക്കൾ ആദ്യം പങ്കെടുത്തത്.
പരിപാടി തുടങ്ങിയ ശേഷമാണ് പിതാവ് മനോഹരനും അമ്മ ഭൂപതിയും എത്തിയത്. വേദിയിലേക്കു കയറി മകന്റെ ചിത്രത്തിൽ കൈ ചേർത്ത് അമ്മ ഭൂപതി പൊട്ടിക്കരഞ്ഞു.
മഹാരാജാസ് കോളേജ് നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ അഭിമന്യു അനുസ്മരണം നടത്തി. അഭിമന്യുവിന്റെ സ്മരണാർത്ഥം തെരുവിലെ 50 പേർക്ക് ഉച്ചഭക്ഷണം നൽകി. ഫിസിക്‌സ് ഗ്യാലറിയിൽ പ്രിൻസിപ്പൽ ഡോ. ജയമോൾ കെ.വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എൻ.എസ്.എസിന്റെ ദത്തു ഗ്രാമമായ പിഴലയിലെ സെന്റ് ഫ്രാൻസിസ് യു.പി സ്‌കൂളിലെ 25 നിർദ്വധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. എം.എസ് മുരളി, സ്റ്റാഫ് അഡ്വൈസർ ഡോ. സുജ ടി.വി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ജൂലി ചന്ദ്ര എന്നിവർ പങ്കെടുത്തു. എറണാകുളം കരയോഗത്തിന്റെയും കോളേജിലെ വിദ്യാർത്ഥികളുടെയും സഹായത്തോടെയാണ് ഭക്ഷണ വിതരണവും പുസ്തക വിതരണവും നടത്തിയത്.