ഫോർട്ട് കൊച്ചി: മട്ടാഞ്ചേരി നഗരസഭാ ഓഫീസിന്റെ കോൺക്രീറ്റ് അടർന്ന് വീണു.ബാത്ത് റൂമിലേക്ക് കയറുന്ന ഭാഗത്തെ കോൺക്രീറ്റ് ഭാഗമാണ് ഇന്നലെ അടർന്ന് വീണത്. ഉച്ചഭക്ഷണത്തിനു ശേഷം പാത്രം കഴുകി നിൽക്കുമ്പോഴാണ് സംഭവം. സൂപ്രണ്ട് അടക്കമുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ഈ കെട്ടിടത്തിന്റെ പല ഭാഗത്തും ഇതാണ് സ്ഥിതി.കഴിഞ്ഞ ദിവസം ജനന മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നവരുടെ ദേഹത്തേക്ക് കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് വീണു. കുറച്ച് നാൾ മുൻപാണ് അറ്റകുറ്റപണികൾ നടത്തിയത്. അധികാരികൾ വിഷയത്തിൽ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്ന് കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ കൺവീനർ ആൻറണി കോച്ചേരി ആവശ്യപ്പെട്ടു.