കൊച്ചി: ബി.പി.സി.എൽ മാനേജ്‌മെന്റിന്റെ തെറ്റായ ട്രാൻസ്‌പോർട്ടിംഗ് നയത്തിൽ പ്രതിഷേധിച്ച് ടാങ്കർ ഉടമകളും തൊഴിലാളികളും ഇന്ന് മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് പെട്രോളിയം പ്രൊഡക്ട്‌സ് ട്രാൻസ്‌പോർട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മുമ്പ് 5000 കിലോമീറ്റർ ഓട്ടം ഒരുമാസത്തിൽ ലഭിച്ചിരുന്നു മാസങ്ങളായി 3000 കിലോമീറ്റർ മാത്രമാണ് ഓട്ടം. ഇരുമ്പനം മേഖലയിൽ 210 ടാങ്കറുകളും അഞ്ഞൂറിലധികം തൊഴിലാളികളും സമരത്തിൽ പങ്കെടുക്കുമെന്നും അവർ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് കെ .വി. പോൾ, സെക്രട്ടറി എ. എം. ഡേവിഡ്, ഷിബു വർഗ്ഗീസ്, പി .ജെ. വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.