#വിദ്യാർത്ഥികൾ ആനവണ്ടിയിൽ യാത്ര ചെയ്യുന്നത് മുഴുവൻ ചാർജ് നൽകി
പറവൂർ : പുതിയ അദ്ധ്യായന വർഷം തുടങ്ങി ഒരു മാസമായിട്ടും കോളേജ് വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി കൺസഷൻ അനുവദിക്കുന്നില്ലന്ന് പരാതി. പറവൂർ മേഖലയിൽ ഏക റഗുലർ കോളേജായ മാല്യങ്കര എസ്.എൻ.എം കോളേജിലെ വിദ്യാർത്ഥികൾക്കാണ് കൺസഷൻ ലഭിക്കാത്തത്. റഗുലർ കോളേജ് വിദ്യാർത്ഥികളാണെന്ന് തെളിയിക്കുന്ന പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. കോളേജ് പ്രിൻസിപ്പാളിന്റ സാക്ഷ്യപത്രവുമായി അപേക്ഷ നൽകാൻ എത്തിയെങ്കിലും ഇതും സ്വീകരിക്കാതെ വിദ്യാർത്ഥികളെ വട്ടം ചുറ്റിക്കുകയാണ്. പറവൂർ നഗരത്തിൽ നിന്നും മാല്യങ്കര കോളേജ് വഴി നിലവിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നില്ല. ചാത്തനാട്, ആലുവ ഭാഗത്തു നിന്നും പറവൂരിലേയ്ക്ക് വരുന്നതിന് വിദ്യർത്ഥികൾക്കുള്ള ഏകആശ്രയം കെ.എസ്.ആർ.ടി.സിയാണ്. ഇപ്പോൾ വിദ്യാർത്ഥികൾ മുഴുവൻ ചാർജ് നൽകിയാണ് യാത്ര ചെയ്യുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കും ഇവിടെ നിന്ന് കൺസഷൻ കാർഡുകൾ വിതരണം ചെയ്യുന്ന കാര്യത്തിലും നിസംഗത കാണിക്കുകയാണ്. ഓരോ കാരണങ്ങൾ പറഞ്ഞ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വട്ടം ചുറ്റിക്കുന്നതായും പരാതിയുണ്ട്.
# വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡുകൾ അനുവദിക്കാത്തതും അപേക്ഷകൾ സ്വീകരിക്കാത്തതും സംബന്ധിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ല.
സജിത്ത്, പറവൂർ അസി. ട്രാൻസ്പോർട്ട് ഓഫീസർ
#അപേക്ഷ നൽകിയിട്ടും കണ്ടില്ലെന്ന് നടിക്കുന്നു
നിരവധി തവണ കൺസഷൻ കാർഡിനായി അപേക്ഷയുമായി കെ.എസ്.ആർ.ടി.സി ഡിപ്പോ ഓഫീസിലും എ.ടി.ഒ കാര്യാലയത്തിലും കയറിയിറങ്ങിയിട്ടും കാർഡ് ലഭ്യമാക്കുന്ന യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിച്ചില്ല. എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കെ.എസ്.ആർ.ടി.സിയിൽ കൺസഷൻ അനുവദിച്ചിട്ടുണ്ട്. കൺസഷൻ ലഭിക്കാൻ അർഹരായവരാണ് ഞങ്ങളെന്ന് വിദ്യാർത്ഥികൾ പറഞ്ഞുവെങ്കിലും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല.