കൊച്ചി: ഭാഗ്യക്കുറി സംരക്ഷണ സമര സമിതിയുടെ സമര പ്രഖ്യാപന കൺവെൻഷൻ ജൂലായ് ആറിന് ഉച്ചക്ക് 2.30ന് എറണാകുളം പപ്പൻ ചേട്ടൻ സ്മാരക ഹാളിൽ നടക്കും. കേരള ഭാഗ്യക്കുറിയെ തകർക്കുന്ന തരത്തിൽ ജി.എസ്.ടി ഏകീകരിക്കാനുള്ള ജി.എസ്.ടി കൗൺസിൽ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തെകുറിച്ച് ആലോചിക്കാനാണ് കൺവെൻഷൻ. ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വി.എസ് മണി ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയർമാൻ ഷാജി ഇടപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കൺവീനർ കെ.മുരുകൻ സമരപ്രഖ്യാപന പ്രമേയം അവതരിപ്പിക്കും. ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി ബാബു കടമക്കുടി, സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം പി.ജെ മനോജ്, ജില്ലാ നേതാക്കളായ പി.എസ് മോഹനൻ, ബിന്ദു ഗോപിനാഥ്, വി.ടി സേവ്യർ, ജോർജ് കോട്ടൂർ തുടങ്ങിയവർ പ്രസംഗിക്കും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, കെ.ടി.യു.സി (എം), കെ.എൽ.വി.എസ്.യു, കെ.എൽ.എ, കെ.എൽ.ടി.എ തുടങ്ങിയ ലോട്ടറി മേഖലയിലെ സംഘടനകൾ സംയുക്തമായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് ലോട്ടറി സംരക്ഷണ സമര സമിതി ജില്ലാ കൺവീനർ കെ.മുരുകൻ അറിയിച്ചു.